എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Sunday 9 November 2014

നഗരയാത്രികൻ

നഗര വീഥിയിൽ തിക്കും തിരക്കിന്റെ
ഇടയിലുണ്ട് ഞാൻ യാത്രികനായിതാ
പലരുമുണ്ടെനിക്കൊപ്പമീ വീഥിയിൽ
പലലക്ഷ്യങ്ങളിൽ പാഞ്ഞു നടക്കുവോർ
പുകവമിക്കുമീ യന്ത്ര ശകടങ്ങളിൽ
ലക്ഷ്യമേറെ താണ്ടുവാനുള്ളവർ
നിത്യ വൃത്തിക്ക് വേലപാർക്കേണ്ടവർ
അലസമുല്ലാസയാത്രയ്ക് വന്നവർ
നീറിടുന്ന മനസുമായെത്തിയോർ
ഭാവിയേറെ കരുതുവാനുള്ളവർ
നഗരമാദ്യമായ് കാണുവോർ
പിന്നെയോ നഗര ജീവിത തിരയിലലിഞ്ഞവർ
കളവുവഞ്ചന ശീലമാക്കുന്നവർ
കളവുതെല്ലുമറിഞ്ഞുകൂടാത്തവർ
വഴിയിൽ ചില്ലറ വ്യാപാരം ചെയ്യുവോർ
വെറുതെനിന്നങ്ങുവായിന്നോക്കുന്നവർ
വിദ്യതേടുവോർ വീടുതേടുന്നവർ
വിരുതർ പിന്നെ നാരിയെ തേടുവോർ
കോടികൾ കയ്യിലമ്മാനമാടുവോർ
കാലണയ്കു വകുപ്പുതേടുന്നവർ
വേഷഭൂഷകൾ ഗംഭീരമായവർ
വേഷമാകെ ക്Iറിനാറുന്നവർ
വിലമതിക്കാത്ത ഗന്ധങ്ങൾ പൂശിയോർ
മൂക്കു പൊത്തേണ്ട ഗന്ധം വമിക്കുവോർ
വിവിധപ്രായത്തിലുള്ളവർ യൌവനം
ലഹരിയിൽ മുക്കി ധൂർത്തടിക്കുന്നവർ
ദമ്പദികൾ കാമുകീകാമുകർ
നേരമ്പൊക്കിനായൊത്തുകൂടുന്നവർ
സിനിമാശാലകൾ ബീച്ചുകൾ പാർക്കുകൾ
പള്ളിയമ്പലം പള്ളിക്കൂടങ്ങളും
ഫയലിൽ മുങ്ങുന്ന സർക്കാരോഫീസുകൾ
ചരിത്രമേറെ പറയുന്ന വീഥികൾ
നേരമ്പോക്കിനായേറെയിടങ്ങളും
അവിടെ കൂടും മനുഷ്യജാലങ്ങളും
ഇവയിലെങ്ങോ അലിഞ്ഞു ചേരുന്നൊരു
സത്വവും ഞാനുമെന്നുടെ യാത്രയും
നഗര വീഥിയിൽ തിക്കും തിരക്കിന്റെ
ഇടയിലുണ്ട് ഞാൻ യാത്രികനായിതാ

Saturday 11 October 2014

രണ്ടു നാലുവരികൾ (F B യിൽ പോസ്റ്റ് ചെയ്തത്)


തേനിൽ മുക്കിയ സ്വർണ്ണാക്ഷരം നാവിൽ മധുരം
ചാലിച്ചെന്നുമെന്നിലൊഴിയാതൊഴുക്Iടുവാൻ
വിദ്യാ ദേവി സരസ്വതീനീയെന്നുമെൻബുദ്ധിയിൽ
മോദത്തോട് വിളങ്ങുവാൻ കൂപ്പി സ്തുതിക്കുന്നു ഞാൻ

@@@@@@@@@@@@@@@@@@@@@@@@@@@@@@
@@@@@@@@@@@@@@@@@@@@@@@@@@@@@@@@


പ്രണയാർദ്ര വിശാല ലോലമെൻ
ഹൃദയത്തിൽ പ്രതിഷ്ട ചെയ്യുവാൻ
മനമൊത്തൊരു ചാരുവിഗ്രഹം
തിരയുന്നൊരു നേരമായിതാ

Sunday 5 October 2014

ബ്രിക്ക് ഗയിം

ബ്രിക്ക് ഗയിം  പ്രിയപ്പെട്ടതാണ്‌
ഒരോ പുതിയ കട്ടവരുമ്പോഴും
സൂക്ഷിച്ച് നിരത്തിയടുക്കും
എത്ര സൂക്ഷിച്ചാലും ചില
കട്ടകൾ മെരുങ്ങുകില്ല
അതു വകവയ്കാതെ വ്Iണ്ടുമടുക്കും
പിന്നെയും പിന്നെയും പലരൂപത്തിൽ
മെരുങ്ങാത്തവ വേഗം വേഗം വരും
പിന്നെ അതിൽ കുറച്ചുഹരം കയറി മത്സരിക്കും
ഇടയ്ക് കൈവിട്ടുപോകും
സമയം തീർന്ന് തലതട്ടുമ്പോൾ
നിറയ്ക്കാനാകാതെ പോയ
ഇടങ്ങൾ നോക്കി നെടുവ്Iർപ്പിടും
അതിലൊരു കലാരൂപം കാണാൻ ശ്രമിക്കും
ഹൈസ്കോറിനു തൊട്ടു താഴെ,
 പ്രതീക്ഷിച്ചതിലും താഴെയെന്നു നിരാശപ്പെടും

ജീവിതവും പ്രിയപ്പെട്ടതാണ്‌
ആദ്യമൊക്കെ സൂക്ഷിച്ചടുക്കും
എത്ര സൂക്ഷിച്ചാലും ചില
കട്ടകൾ മെരുങ്ങുകില്ല
അതു വകവയ്കാതെ വ്Iണ്ടുമടുക്കും
പിന്നെയും പിന്നെയും പലരൂപത്തിൽ
മെരുങ്ങാത്തവ വേഗം വേഗം വരും
പിന്നെ അതിൽ കുറച്ചുഹരം കയറി മത്സരിക്കും
ഇടയ്ക് കൈവിട്ടുപോകും
ഒടുവിൽ സമയം ത്Iർന്ന് തല തട്ടുമ്പോൾ
നിറയ്കാനാകാതെ പോയ
 ഇടങ്ങൾ നോക്കി നെടുവ്Iർപ്പിടും
എല്ലാ കുറവുകൾക്കിടയിലും
അതിലൊരു രൂപം കാണും
കുറെ സ്വപ്നങ്ങളുടേയും നഷ്ടങ്ങളുടേയും
കൊളാഷ്




Wednesday 20 August 2014

എല്ലാവരും കവികളാണ്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
 സ്വപ്നം പാരമ്പര്യമായി കിട്ടിയത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയാത്തത് കേള്‍ക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയുന്നതിനപ്പുറം ധ്വനിപ്പിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എഴുതാ‍പുറം വായിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
തന്നെത്താനെങ്കിലും പ്രണയിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
 വേദനകളുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
വേദനകള്‍ക്ക് സന്തോഷമുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റു കവിതകളോട് അസൂയ

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റുള്ളവര്‍ക്ക് മനസിലാവാതെ പോകുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
അപ്രതീക്ഷിത ഭംഗിയുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
നോവുകള്‍ ബാക്കിയാവുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എപ്പോഴും പൂര്‍ത്തിയാവാത്തൊരു കവിത
മനസില്‍ കൊണ്ടു നടക്കുന്നത്

Saturday 12 July 2014

ചോരക്കാലം

കാലമേ നിന്റെ ചോരക്കൊതിയൊട്ടും
തീർന്നിട്ടില്ലേ പുതിയ നൂറ്റാണ്ടിലും
ചോര ചിന്തി തെറിക്കുന്ന ബാല്യവും
കൊന്നു കൂട്ടുവാൻ വെമ്പും യുവാക്കളും
തോരുന്നില്ല അമ്മയ്കു കണ്ണുനീർ
വൈധവ്യത്തിൽ തീരും മധുവിധു
എന്തു  തത്ത്വ മത ശാസ്ത്രമോതിലും
ന്യായമില്ലതിനുത്തരമേകുവാൻ
ഗാസ,ബാഗ്ദാദ് ,സിറിയ, സുഡാനിലും
ചരിത്ര താളിലെ ഹിറ്റ്ലറിൻ കാലവും
രണ്ട് ലോക മഹായുദ്ധ വേളയും
എണ്ണമറ്റ കലാപവും യുദ്ധവും
കൊന്നുകൂട്ടും ഭരണകൂടങ്ങളും
എന്നുമുള്ള സ്ഫോടങ്ങളും
കഷ്ടമെത്ര ജീവൻ  പൊലിഞ്ഞു പോയ്
കഷ്ടമെത്ര സ്വപ്നങ്ങൾ മാഞ്ഞു പോയ്
അന്ത്യമില്ലേ ഇതിനൊന്നും ഓർക്കുകിൽ
എന്തു കഷ്ടമീ സുന്ദര ഭൂമിയെ
നരകമാക്കുന്നീ നരാധമർ നിത്യവും

Tuesday 17 June 2014

പുഷ്പ ലോകം

ഫാഷൻ മാറിയതറിയാതെ
കുളിച്ച് അമ്പലത്തിൽ പോകുന്നു
തെറ്റിപ്പൂ.....

സുഗന്ധമേറെ പരത്തിയിട്ടും
പേരുദോഷം മാറാതെ
മുല്ലപ്പൂ........

ഏതു നിറത്തിൽ വന്നിട്ടും
ഭ്രാന്തന്റെ ചെവിയിൽനിന്ന്
രക്ഷയില്ലെന്ന് ചെമ്പരത്തി

മുള്ളാങ്ങളമാരുടെ
സംരക്ഷണം ഭാരമെന്ന്
റോസാപ്പൂ

വിഷുക്കാലം
നീട്ടിനൽകാൻ
കണിക്കൊന്ന...

വിദേശപൂക്കൾകതിരെ
സ്വാതന്ത്രസമരത്തിന്
കൊങ്ങിണിപ്പൂ...



Friday 6 June 2014

ശൈലീകലഹം

 മരുഭൂമിയിൽ സൂര്യനസ്തമിക്കെ
വിശ്രമവേളയിൽ ഒത്തുകൂടി
മലയാളനാട്ടിലെ പത്തുദിക്കിൽ
നിന്നെത്തി ജീവനം തേടുമവർ

കുശലങ്ങൾ, സ്വപ്നങ്ങൾ പ്രാരാബ്ദവും
രാഷ്ട്രീയ സാഹിത്യ ചിന്തകളും
ആഗോളമായ ചലനങ്ങളും
ഒക്കെയും പങ്കുവെച്ച് ഒത്തുകൂടി

ഓരോരോ നാട്ടിലെ ശൈലിയുടെ
മാഹാത്മ്യമോതി അവരു തമ്മിൽ
മറ്റുള്ള നാട്ടിലെ ശൈലിയൊക്കെ
തെറ്റെന്നുറപ്പിച്ചു വാദമെയ്തു

വാദങ്ങൾ മൂത്തു കൈയ്യങ്കളിതൻ
വക്കോളമെത്തി കാര്യമായി

പെട്ടന്നൊരു മാതൃ രൂപമെത്തി
വാത്സല്യമോടവരോട് ചൊല്ലി
എന്റെ പ്രിയപ്പെട്ട മക്കൾ നിങ്ങൾ
തെറ്റല്ല നിങ്ങൾ തൻശൈലിയൊന്നും
ചൊല്ലും മനസ്സിൽ വിഷമില്ലെങ്കിൽ
 ശൈലികൾ എല്ലാം ചേലുതന്നെ
തെറ്റെന്നു ചിന്തിച്ചിടാതെ തന്നെ
നാടിന്റെ ശൈലിയെ നെഞ്ചിലേറ്റാം
ചിത്തത്തിലുള്ളതു മോശമെങ്കിൽ
ശുദ്ധമാം ഭാഷയിൽ കാര്യമുണ്ടോ
ചൊല്ലുമ്പോൾ അർത്ഥലോപം വരാതെ
ആശയകൈമാറ്റം സാധ്യമായാൽ
മലയാളമാതാവ് ധന്യയാകും
++++++++++++++++++++++++++++++++++++++

Thursday 22 May 2014

വാർത്താ ദിനം

രാവിലെ ടി വി തുറന്നൂ പിന്നെ
വാർത്താചാനലിൻ മുന്നിലിരുന്നു
ബ്രേക്കിങ്ങ് ന്യൂസുകൾ ഓരോന്നായി
മിന്നിമറഞ്ഞാ ചെറിയൊരു തിരയിൽ

കാണാതായ വിമാനക്കഥയും പൊട്ടും
ബോംബിൻ എണ്ണവുമെല്ലാം
ക്രിക്കറ്റ് സ്കോററിയുന്നത് മാതിരി
ചാരിയിരുന്നു കണ്ടു രസിച്ചു

പെട്ടന്നെത്തി ഞെട്ടും വിധമായ്
മുഖ്യൻ രാജിക്കെന്നൊരു വാർത്ത
ചോദ്യചിഹ്നവുമിട്ടിട്ടങ്ങിനെ
ബ്രേക്കിങ്ങായി സ്ക്രീനിൽ ഒഴുകി

ചർച്ച തുടങ്ങി മുഖ്യനു പകരം
മുഖ്യൻ ആവാൻ ആരിനി മേലിൽ
പാർട്ടി പിളർത്തി ചാടാനാണോ
പ്രതിപക്ഷത്തിൻ  കടുംകയ്യാണോ
സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും
വാരിയതാണോ ചർച്ച തുടങ്ങി

ചർച്ചക്കാരവർ പതിവിൻ പടിയായ്
ചാനലുതോറും ബ്ലാ ബ്ലാ തുടങ്ങി
ഒരുവൻതന്നെ പലവിധചാനലിൽ
തൽസയത്തിന്നെത്തുന്നൊരു മായം
എന്തൊരു വൈഭവം എന്തൊരു ജ്ഞാനം
എല്ലാ ചർച്ചയും ഇവരാൽ തന്നെ
അറിയേണ്ടുന്ന പലവിധ കാര്യം
ചർച്ചയ്കുള്ളിൽ മുങ്ങിപ്പോയി

രാവിലെ മുതലവർ ചർച്ചയിലൂടെ
പലരെ മുഖ്യന്മാരായ് മാറ്റി
വൈകുന്നേരത്തോടെ മുഖ്യനും
പാർട്ടിതലവനും ഒന്നായ് ചൊല്ലി
രാജി വാർത്തകൾ ഊഹം മാത്രം

ചർച്ചകളെല്ലാം പാഴായ് മാറി
ചർച്ചകൾ കേട്ടവർ മണ്ടന്മാരായ്
പുതിയൊരു ചർച്ചയ്കെന്തൊരു മാർഗ്ഗം
ചാനലുകാരവർ വാർത്ത തിരഞ്ഞു

പുഴ


Tuesday 13 May 2014

ഹൃദയത്തിനുള്ളിൽ

ചില്ലുകൂട്ടിൽ അത്യാസന്നമായൊരു
ഹൃദയമിന്നിതാ നേർത്തു തുടിക്കുന്നു
അനന്തമാകുന്നൊരീ പ്രപഞ്ചത്തിൽ
തന്റെ സ്ഥാനം അറിയാതെ പോയത്
പോയിടും വഴിയൊക്കെ ശരിയെന്ന്
തോന്നി തോന്നുംപോൽ നടന്നത്
പ്രണയ ദാഹത്തിൽ നീറിപ്പുകഞ്ഞുള്ളീൽ
മറ്റൊരു ഹൃദയം വഹിച്ചത്
തന്റെ നേട്ടങ്ങൾ മാത്രം മോഹിച്ചിട്ട്
മറ്റ് ഹൃദയങ്ങൾ പാടേ തകർത്തത്
നേടിയതൊക്കെ ഉള്ളിലോർത്തും കൊണ്ട്
ഏറെയൂറ്റം കൊണ്ടുനടന്നത്
ഏറെയേറെ സമ്മർദ്ദമേറ്റേറെ
നേടി നേട്ടങ്ങളേറെയെന്നോർത്തത്
ഏറെ സ്നേഹിക്കുമഞ്ചാറു പേർക്കായി
കെട്ടിപ്പൊക്കിയ സാമ്രാജ്യമുണ്ടതിൽ
ഒക്കെ നേർത്തമിടിപ്പ് നിൽക്കും
നേരം മാഞ്ഞിടുന്ന മനോഹര ചിത്രങ്ങൾ


Tuesday 25 March 2014

കുറും കവിതകൾ (ഹൈക്കു ഗ്രൂപ്പിൽ പോസ്റ്റിയത്)


മഴ കാത്ത് വയലും
കുട കച്ചവടക്കാരും
പിന്നെ കുറേ കവികളും
=============================
=============================

പഠനക്കൂട്ടിൽ നിന്ന്
പരീക്ഷ വാതിൽ കടന്ന്
കുറേ പറവകൾ
===============================
=============================
അണികൾക്കാവേശം
അമരത്തെ കച്ചോടം
രാഷ്ട്രീയം
===========================
===========================
ആഴിതന്നാഴത്തിൽ
ബുദ്ധിതന്നാഴം ശൂന്യം
വിമാനം
(മലേഷ്യൻ വിമാനം കടലിൽ)
===============================
============================
വിഷു വണ്ടി വൈകി
പറന്നെത്തീ കൊന്നപ്പൂക്കൾ
===============================
=====================================
പ്രണയം പൂത്തു
ഒപ്പം പൂത്ത പനീർപൂ
രക്തസാക്ഷി
================================
=================================
ജീവിത ഭാരം
ഹൃദയ സഞ്ചി പൊട്ടി
ചിതറി തെറിച്ചത്
ഒരു കുടുംബത്തിന്റെ സ്വപ്നം
====================================
=======================================
കുത്തുകൊള്ളാൻ കീ ബോർഡും
ലൈക്ക് വാങ്ങാൻ പോസ്റ്റിയോരും

Thursday 13 March 2014

ഞാനത്തം

എപ്പോഴും ഒരു സ്കെയിയിലുമായാണ് നടപ്പ്
തന്നെക്കാൾ മുകളിലുള്ളവരെ കണ്ടാൽ
ഒന്നൂടെ ഞെളിഞ്ഞ് നോക്കും ഒത്തില്ലെങ്കിൽ
ആരുടെയെങ്കിലും മുകളിൽ കയറി നോക്കും

അളന്നു വച്ച കട്ടളപ്പടിയിൽ തല തട്ടി
കടന്നു വരുന്നവർക്കേ മനസ്സിൽ സ്ഥാനമുള്ളു
നൂലുപിടിച്ച് അളക്കുമ്പോൾ കടുകിട തെറ്റിയാൽ
തലയിലെ താളം തെറ്റുന്നതെന്റെ കുറ്റമാണോ

തെറ്റ് പറ്റിയതല്ല, ഉദ്ദേശം മാറിപോയതാണ്
അതിനുള്ള അവകാശം എനിക്കുമാത്രമാണ്
ഞാൻ വരച്ച വരയിലെ കുറച്ചു ഭാഗത്ത്
ഒട്ടും വളയാത്ത ഭാഗം കണ്ടില്ലേ?
നിങ്ങടെ വര മുഴുവൻ അങ്ങിനെ വേണം

എന്റെ ഒഴുക്കു തടയാതിരിക്കാൻ
എനിക്കിച്ഛാ ഭംഗം ഉണ്ടാവാതിരിക്കാൻ
അതിനെല്ലാവരും നേരെയാവണമെന്ന
സദുദ്ദേശത്തിലാണ് വായ് മെനെക്കെടുത്തുന്നത്

ചില നാട്ടിൽ അഹങ്കാരമെന്നും
ചിലർ അൽപ്പത്തമെന്നും പറയുന്നതിനെ
ഞാനത്തമെന്ന് വിളിച്ചാൽ അത് എനിക്ക്
ശരിയും നിങ്ങൾക്ക് തെറ്റുമാവുന്നതെങ്ങിനെ

Sunday 2 March 2014

തിരുവനന്തപുരം ബ്ലോഗ് മീറ്റ്- ഞാൻ കണ്ടതും കേട്ടതും

തിരുവനന്തപുരം ബ്ലോഗ് മീറ്റിനു ചിരിക്കുന്ന പ്രൊഫൈൽ പിക്റ്ററുമായി ചെന്ന് കേറുമ്പോൾ ഒരുപാട്  സന്തോഷം ,(ഫീലിങ്ങ് ഹാപ്പി). തിരിച്ചറിയുന്ന ഓരോ പ്രൊഫൈലുകളും ലൈക്ക് നൽകി കമന്റാൻ ശ്രമിക്കുമ്പോഴാണ് വൊയിസ് കമന്റ്സ് റ്റൈപ്പിങ്ങ് കമന്റിന്റത്രേം വർക്ക് ചെയ്യുന്നില്ലന്ന് മനസിലായത്.  ഫേസ് ബുക്കിൽ എല്ലാ ആങ്കിളിലും ഫോട്ടോ ഇടക്കിടയ്ക് മാറ്റിമാറ്റി ഇട്ടാൽ ഇത്തരം സന്ദർഭങ്ങളിൽ ആരാണെന്ന് അധികം വിശദീകരിച്ച് പറയേണ്ടി വരില്ലെന്ന മഹത്തായ പാഠം പഠിച്ചു.
                            ഡോ. മനോജ് (താരം ഓഫ് ദ് ബ്ലോഗ് മീറ്റ്), വിഢിമാൻ(നേരിട്ട് കണ്ടാൽ ഒരു പാവം, ഓൺ ലൈൻ സംവാദത്തിന്റെ ആയുധമില്ല ഭാഗ്യം ) മഹേഷ് കൊട്ടാരത്തിൽ  (ചുമ്മാ വെളുത്ത് തുടുത്ത് കുറേ പൊക്കവുമായ് എനിക്കസൂയ ഉണ്ടാക്കാൻ) പ്രിയൻ അലക്സ് (വെറുതേ പറഞ്ഞാൽ മൃഗങ്ങൾ കോപിക്കും അവരുടെ സ്വന്തം ഡോക്ടറാണേ) നിർമ്മൽ ജെ സെലസ് (ഒരു ചായ ഉണ്ടാക്കാൻ പോലും അറിയാത്ത ചായക്കടക്കാരൻ )  ബഷീർ സി വി (വൈക്കത്ത് വീട് വേടിച്ചാൽ വൈക്കം ബഷീർ എന്ന് പറയാരുന്നു)  അൻവർ ഹുസൈൻ(ഇതിനും മാത്രം വിവരം എവിടെയാ സ്റ്റോർ ചെയ്ത് വയ്ക്കുന്നേ) ഇവരെയൊക്കെ ചെന്നുടനേ കണ്ടു . ഇനി കാണാൻ കിടക്കുന്നതല്ലേ പൂരം
                   വിഷ്ണു ഹരിദാസ്, സംഗീത് കുന്നിന്മേൽ, വിജിത്ത് വിജയൻ   എന്നീ മൂന്ന് ഘ്ടാ ഘടിയന്മാരാണ് കാശുവാങ്ങി    നമ്പരിട്ട് ബ്ലോഗ് മീറ്റിന്റെ ചാപ്പകുത്താൻ  കൊട്ടേഷൻ ഏറ്റത്. ഒരു ഉട്ടോപ്പ്യക്കാരൻ പടം ഒട്ടിച്ച് നടക്കുന്നത് കണ്ടു. കൊട്ടോട്ടിയെ ഇരുത്തിയിരുന്നേൽ ഇതിലും പിരിഞ്ഞേനേ. സുധർമ്മേച്ചി, അമ്മുക്കുട്ടി ചേച്ചി ,ഉണ്ണിമാങ്ങാ, ലീല ചേച്ചി, ശ്രീദേവി വർമ്മ, വയൽ പൂവുകൾ,കലാ ജി കൃഷ്ണൻ എന്നിവർ ഒരു വനിതാ മീറ്റ് ഇതിനിടയിൽ നടത്തുന്നത് കണ്ടു. പരിചയപ്പെടും മുൻപ് മീറ്റ് തുടങ്ങി. മുഖത്തെന്തോ ഫോട്ടൊഷോപ്പ് പരിപാടി നടത്തിയാണ് വന്നതെന്ന് ഉറപ്പിക്കാവുന്ന വിധത്തിൽ ഇടങ്ങേറുകാരനുമെത്തി. പിന്നെയും പേരെടുത്ത് പറയേണ്ടാത്ത പ്രമുഖരും(ചന്തു നായർ , ഷെരീഫ് കൊട്ടാരക്കര, ). ദോണ്ടെ വരുന്നു ബൂലോകം ടീം. എന്റമ്മോ ഇനീം പേരു പറയാൻ നിന്നാൽ തീരൂല,ചില പ്രമുഖരെ വിട്ട്(അല്ലാണ്ട് അവരെ തോണ്ടാൻ വിഷയം കിട്ടാഞ്ഞല്ല.)
    ഒരു പാട് പ്ലാനിങ്ങ് നടത്തുകയും ഒന്നും ചെയ്യാതിരിക്കുകയും എന്ന എന്റെ പതിവ് പതിവ് പോലെ നടന്നു. ഇത്രയും നല്ല വന്യ ജീവി (വിവിധ തരം പുലികൾ) ഫോട്ടോ അവസരം മൊത്തമായും ഞാൻ വിട്ട് കളഞ്ഞു.
(ഒന്നാ മീറ്റിന്റെ ഫോട്ടൊ കാണാൻ
 എന്നെയും കൂടൊന്നു ടാഗിടണേ)
     എല്ലാവരുടേയും കയ്യില് നിന്ന് ഓട്ടോഗ്രാഫ് വാങ്ങാൻ ഒരു റൈറ്റിങ്ങ് പാഡും പേനയും വാങ്ങിയാണ് ഞാൻ പോയത്. പക്ഷേ ആട്ടോഗ്രാഫ് ചോദിക്കാൻ ഒരു മടി (ആട്ടോ ഗ്രാഫോ നമ്മളോ ഹു ഹും). ആട്ടോഗ്രാഫിനു പകരം ഒരു പിടി ലിങ്കും വാങ്ങിച്ച് ആ പരിപാടി പൂട്ടി.
( അവിടെ എന്തു സംഭവിച്ചു എന്നു തുടർന്ന് പറയണമെങ്കിൽ ഇവിടെ എന്തു സംഭവിക്കും എന്നറിയണം. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിൽ തുടരും
                                 **********************
                  മീറ്റ് ഔപചാരികതകൾ ഒന്നുമില്ലാതെയാണ് തുടങ്ങിയത്. ആദ്യം സംസാരിക്കേണ്ട ആളുടെ പേര് അൻവറിക്ക, വിളിച്ചു ഭഗവാനേ എന്റെ പേരല്ലേ ആ കേൾക്കുന്നേ. എന്റെ തലയിൽ നിന്നും ഒരു കിളി പറന്ന് പോയി .ഒടുവിൽ വായിൽ വന്നതെന്തക്കയോ പറഞ്ഞ് ഞാൻ തടിയൂരി.   തുടർന്ന വന്ന പലരുടേയും തലയിൽ നിന്നും വന്ന കിളികൾ എല്ലാം കൂടി ആ എ സീ ഹാളിൽ ചുറ്റിയടിച്ചു.  ഇതിനിടയിൽ രായകുമാരൻ തന്റെ ക്യാമറ ഇടതടവില്ലാതെ പ്രവർത്തിപ്പിച്ച് പരിചയപ്പെടുത്താൻ വരുന്നവരുടെയെല്ലാം പടം പിടിച്ച് ഈ വർഷത്തെ മികച്ച വന്യ ജീവി ഫോട്ടൊ ഗ്രാഫർക്കുള്ള അവാർഡ് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
                 ബ്ലോഗിൽ പ്രസിദ്ധീകരിക്കും മുൻപ് ഒരുമാസം സൂക്ഷിച്ച് വച്ച് വീണ്ടും വീണ്ടും തിരുത്തൽ വരുത്തി പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കുമെന്ന്   വി.ജേ ജയിസ് സർ പറഞ്ഞു(ബ്ലോഗ്ർമാർക്ക് ക്ഷമയോ ഇതിലും ഭേദം പൂച്ചയോട് ഉണക്കമീൻ മുന്നിൽ വച്ച് പിന്നെ തിന്നാൽ മതി എന്ന് പറയുന്നതാ.) ഗിരീഷ് പുലിയൂർ അതിമനോഹരമായി കവിത അവതരിപ്പിച്ചെങ്കിലും പ്രകൃതിയുടെ ഒന്നാമത്തെ വിളി നിമിത്തം എനിക്ക് കുറേഭാഗം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. വിഷ്ണൂ ഹരിദാസിനോട് ചോദിച്ചപ്പോൾ കക്ഷിക്കും ആശ്വാസ കേന്ദ്രം അറിയില്ലെങ്കിലും അതു കണ്ടെത്താനുള്ള ഉദ്യമത്തിൽ എന്നോടൊപ്പം ചേർന്ന് പ്രസ്സ് ക്ലബ്ബിന്റെ മൂന്നു നിലയിലും പലവട്ടം കയറി ഇറങ്ങി ഒടുവിൽ അമേരിക്ക കണ്ടെത്തിയ കൊളംബസിനേപോലെ വിജയശ്രീലാളിതരായി ഞങ്ങൾ തിരിച്ചെത്തി. ഇതിനിടയിൽ അമ്മുക്കുട്ടിയുടേയും ഋതുസഞചനയുടേയും പുസ്തക പ്രകാശനം നടന്നു.എന്റെടുത്ത് ഒരു കവിത ചൊല്ലാമോ എന്ന് മനോജ് ഡോക്ടർ ചോദിച്ചതും(ഭാഗ്യം അല്ലെങ്കിൽ അങ്ങോട്ട് അവസരം ചോദിക്കേണ്ടി വന്നേനെ), മനസില്ലാ മനസോടെയെന്ന മട്ടിൽ ഞാനും കവിത അവതരിപ്പിക്കാം എന്ന് സമ്മതിച്ചു.  ബഷീറിക്കയും പ്രിയനുമൊക്കെ നന്നായി കവിത ചൊല്ലി യിരിക്കുകയും ഗിരീഷ് പുലിയൂർ മനോഹരമായി കവിത അവതരിപ്പിക്കുകയും ചെയ്തപ്പോൾ എന്റെ തലയിൽ നിന്നും വീണ്ടും കിളിപോയി(ഇതിനും മാത്രംകിളി എന്റെ തലയിൽ ഉണ്ടായിരുന്നോ ആവോ.). ഒടുവിൽ ഉത്തരാധുനീക കവികളെ മനസ്സിൽ ധ്യാനിച്ച് ഏതോ ഒരു രാഗത്തിൽ എന്റെ കവിത ''പറഞ്ഞു". എല്ലാവരുടേയും പരിചയപ്പെടുത്തൽ കഴിഞ്ഞു ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു.
            തരക്കേടില്ലാത്ത ഭക്ഷണവും (ഭക്ഷണമെത്ര നന്നെങ്കിലും നന്നെന്നു പറയുന്നത് മോശമല്ലേ.) കഴിച്ച് സ്വന്തം വാഹനത്തിൽ ഇരുന്ന് ആഭരണ കച്ചവടം നടത്തിയ പ്രവാഹിനി ചേച്ചിയുടെ കയ്യിൽ നിന്ന് സഹോദരിക്ക് ഒരു പാദസരവും വാങ്ങി അന്ന് പ്രസിദ്ധീകരിച്ച കവിതകളും പിന്നെ ഏതാനും പുസ്തകവും വാങ്ങി നിൽക്കുമ്പോൾ അതായിരിക്കുന്നു വിഢിമാൻ. തോൾ സഞ്ചിയിൽ എന്താണെന്ന എന്റെ സംശയം അപ്പോഴാണ് തീർന്നത് ദേഹാന്തരയാത്രകൾക്ക് ഓർഡ്ർകൊടുത്തു നൂറു രൂപയും കൊടുത്തപ്പോൾ സഞ്ചിയിൽ കിലുങ്ങിയിരുന്ന അഞ്ചു രൂപാ തുട്ടുകൾ എന്തിനെന്നു മനസ്സിലായി. ഡിസ്കൗണ്ട് ഒന്നും തരാതെ അഞ്ചുരൂപയും ഒപ്പിട്ട പുസ്തകവും തന്നു. എല്ലാവരോടും അൽപ്പസ്വൽപ്പം കത്തിയൊക്കെ വച്ച് കൊതി തീരും മുൻപ് ലീല ചേച്ചിയുടെ കവിതയോടെ ഉച്ചയ്കലത്തെ സെഷൻ ആരംഭിച്ചു.
                               
               ഉച്ചയ്കലത്തെ സെഷൻ ആദ്യ ചർച്ച ബ്ലോഗിങ്ങ് ഇന്നലെ ഇന്ന് നാളെ. ചർച്ചയുടെ മോഡറേറ്റർ മുൻ മജിസ്റ്റ്രേട് ഷരീഫ് സർ ആയിരുന്നു. ചർച്ച ഔപചാരികമായിരുന്നു എങ്കിലും വളരെ അറിവ് പകരുന്നതായിരുന്നു. ഞാനൊക്കെ കമ്പ്യൂട്ടർ കാണുന്നതിനു മുൻപ് ഒൺലൈനിലെത്തിയ പുലികൾ ഒക്കെ ചർച്ചയ്കെത്തിയപ്പോൾ ഞാൻ കേട്ടിരുന്നതേയുള്ളൂ. ഓൺ ലൈൻ അല്ലാത്തത്കൊണ്ടാവും വിഢിമാൻ ചർച്ചയിൽ മിണ്ടാതിരിന്നത്. കുരീപ്പുഴ സാറിനൊപ്പം അപകടത്തിൽ പെട്ട (ചാടിച്ച) പാവപ്പെട്ട കോടീശ്വരന്റെയും കൊട്ടോട്ടിയുടേയും അഭിപ്രായം മാനിച്ച് അല്പ നേരം അനൗപചാരിക ചർച നടന്നു.
                 രണ്ടാമത്തെ വിഷയം അല്പം വിപുലമായിരുന്നു. സോഷ്യൽ മീഡിയയിലെ മര്യാദകളെ കുറിച്ചായിരുന്നു ചർച്ച. ആദ്യം കൊട്ടോട്ടി ഞാൻ സ്റ്റേജിൽ കയറാൻ ഒരവസരം എന്നു കരുതി എന്റെ ഭാഗം പറഞ്ഞു വിഷയത്തിൽ നിന്ന് അകന്നു മാറി. മനോജ് ഡൊക്റ്റർ ചർചയെ നേർവഴിക്കെത്തിക്കാൻ ശ്രമിച്ചു. പിന്നീട് ചർച്ചാ പുലി വിഢിമാൻ ഇറങ്ങിയെങ്കിലും കഴിവിനൊത്ത പ്രകടനം കാഴ്ചവയ്കാതെ നിരാശപ്പെടുത്തി. അൻവറിക്കയുടെ പ്രൗഡോജ്ജ്വലമായ വാക്കുകൾക്കൊപ്പം സോഷ്യൽ മീഡിയയെ കടിഞ്ഞാൺ ഇടാനുള്ള ഗവ നയത്തിനെതിരെ ഒരു പ്രമേയവും പാസാക്കി(ഗവണ്മെന്റിനെ കുറ്റപ്പെടുത്തിയില്ലെങ്കിൽ പിന്നെന്ത് പ്രമേയം) ബ്ലോഗ് മീറ്റ് ചായയ്കായി പിരിഞ്ഞു ഒപ്പം  ബ്ലോഗ് മീറ്റ് അവസാനിച്ചതായി പ്രഖ്യപിച്ചു.(ചായ പിരിഞ്ഞില്ല, മീറ്റും പിരിഞ്ഞില്ല )
ബൂലോകം അവാർഡ്
        മീറ്റ് കഴിഞ്ഞു ഭൂലോകം അവാർഡ് ഫങ്ങ്ഷനായി കാത്ത് നിൽക്കുമ്പോൾ ഞാൻ , ഉട്ടോപ്യൻ, റെജിൻ, നിർമ്മൽ ഒക്കെ ചെറുപ്പക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച നടത്തിക്കൊണ്ടിരുന്നു. അസിൻ ആറ്റിങ്ങൾ വന്നതു പോലെ എന്നത്തേക്ക് ഫാമിലിയായി ബ്ലോഗ് മീറ്റിൽ പങ്കെടുക്കാം എന്നതായിരുന്നു വിഷയം.ഇതിനിടയിൽ മനോജ് ഡോക്ടർ എല്ലാവരോടും അവാർഡ് ഫങ്ങ്ഷൻ കഴിഞ്ഞല്ലേ പോകുകയുള്ളൂ എന്ന് ദയനീയമായി ചോദിക്കുന്നതും ചിലർ അത് നിഷ്കരുണം തള്ളിക്കളയുന്നതും കണ്ടു.
            ബൂലോകത്തിന്റെ ജയിസ് ബ്രൈറ്റ് ഡോക്ടറോട് സംസാരിച്ചപ്പോൾ വളരെ നല്ല മനുഷ്യനായി തോന്നി. ഭൂലോകത്തിൽ വന്നിരുന്ന ചില ലേഖനങ്ങൾ കുടുംബത്തോടൊപ്പം വായിക്കാൻ പറ്റാറില്ലന്ന് ഞാൻ പറഞ്ഞൂ.അതിനദ്ദേഹം മാപ്പ് പറഞ്ഞതും ഇപ്പോൾ ലേഖനങ്ങൾ കുറച്ചുകൂടെ സൂഷമതയോടെ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ എന്നും അദ്ധേഹം പറഞ്ഞുഭൂലോകത്തിന്റെ പ്രവർത്തനങ്ങൾ ഞങ്ങൾക്ക് വിശദീകരിച്ചുതന്നു. ചില കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ ബൂലോകം ബ്ലോഗർമാർക്കുംസ് ബ്ലോഗിനു മൊത്തത്തിലും ഗുണകരമാകുമെന്ന് എനിക്കു തോന്നി (എന്നെ തല്ലല്ലേ... വിരട്ടി വിട്ടാൽ മതി ഞാൻ നന്നായിക്കോളാം..... )
       ഇനിയല്പം ഫ്ലാഷ് ബാക്ക് : വീട്ടിൽ നിന്നും കഷ്ടി അഞ്ഞൂറു മീറ്റ്ർ മാത്രം മാറിയുള്ള ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നടക്കുന്നു. വീട്ടിലും ക്ഷേത്രത്തിലും ധാരാളം പരിചയക്കാർ എത്തും അതിനിടയിലാണ് ബ്ലോഗ് മീറ്റ് രണ്ടും നഷ്ടപ്പെടുത്താൻ വയ്യ.അവിടെ ബ്ലോഗ് മീറ്റ് ഇവിടെ ഉത്സവം ഇവിടെ ഉത്സവം അവിടെ മീറ്റ് ,ഉത്സവം മീറ്റ് ഇവ എന്റെ മനസ്സിലൂടെ മാറി മിന്നി .ഒടുവിൽ രാതി 8 മണിക്കു മുൻപ് തിരിച്ചെത്താം എന്ന വിചാരത്തിൽ മീറ്റ് തിരഞ്ഞെടുത്തു.
            അവാർഡ് ദാന ചടങ്ങ്  തുടങ്ങാൻ താമസിക്കുന്നു. ഒടുവിൽ തുടങ്ങിയപ്പോൾ ആറു മണിയോടടുത്തു. സജിം തട്ടത്തുമല സ്വാഗതം കാച്ചുന്നു. ഞാൻ വേദിയിലെ ആളെണ്ണി നോക്കി പത്ത് പതിനഞ്ച് പേർ എല്ലാവരും 5 മിനുറ്റ് വീതം എടുത്താൽ.......... . ഒടുവിൽ മീറ്റിനു വിളിച്ച മനോജ് ഡോക്ടർക്ക് ഒരു പിടി ആശംസകൾ നേർന്ന് ഫോണെടുത്ത് ഒരു കോൾ അറ്റെന്റു ചെയ്യാനെന്ന ഭാവത്തിൽ ഞാൻ അവിടുന്നു സ്കൂട്ടായി.
                      (അവസാനിപ്പിച്ചു.....)

Thursday 13 February 2014

ഒരു പ്രണയദിനംകൂടി........

             
  കൊഞ്ഞനം കുത്തി ചിരിച്ചുകടന്നുപോയ്
പ്രണയദിനത്തിലെ സൂര്യൻ പതിവുപോൽ
പൂക്കളില്ലാത്ത പരിഭവമില്ലാത്ത
  ഏകാന്ത ശാന്തത മാത്രമാണെങ്ങുമേ
വശ്യമനോഹരമല്ലിന്നു ഭൂമിയും
ജീവിത പോർക്കളം മാത്രമാകുന്നിതാ
വേണ്ടിതൊന്നും എന്ന് തോന്നിയ നാളുകൾ
നഷ്ടബോധം പിന്നിലുണ്ടെന്ന് സംശയം
പാടിയില്ലാ വസന്തപ്പറവകൾ
മൂകരായ് പാറി പറന്നു പോയെങ്കിലും
നുകർന്നതില്ലീ പൗർണ്ണമിരാവിലെ
ആകാശമുല്ലകൾ പൂത്തൊരു ഗന്ധവും
കേട്ടതില്ലീ മഴത്തുള്ളി പാടിയ
പ്രണയഗാനത്തിന്റെ രാഗാർദ്രഗീതവും
കണ്ടതില്ലാ ആകാശ ഗോപുര
ചിത്രം വര്യ്കുന്ന മാരിവിൽ കാവടി
തിരികെ നടക്കുവാനാവുകില്ലിന്നിനി
പോകട്ടെ ദൂരം പോകുവോളം വരെ

Friday 7 February 2014

രാഷ്ട്രീയം

രാഷ്ട്രീയ ചങ്ങലയിട്ട് നമ്മെ
ശരിതെറ്റൊന്നു വിവേചിച്ചിടാൻ        
ആവാത്തോരടിമയാക്കി മാറ്റാൻ
ശ്രമമിതാ സൂക്ഷിച്ചിരുന്നോളുക

തെറ്റെന്നോതുകിൽ എതിരാളി-
യെന്ന് മുദ്രണം ചെയ്യുന്നു ഹോ
അറിയുന്നില്ലവർ സ്വതന്ത്രരല്ല
രാഷ്ട്രീയാന്ധരാം കാലാളുകൾ

വാദിച്ചങ്ങു ശരിയാക്കീടരുതാരും
സ്വകക്ഷി ചെയ്യുന്ന തെറ്റൊന്നുമേ
തെറ്റാക്കീടരുതാരുമേ നല്ലത്
എതിർകക്ഷി ചെയ്തീടിലും

മൗനം പുഞ്ചിരിയെന്നിവയല്ലാതൊന്നുമേ
നൽകാനാവില്ല അവർക്കുത്തരം
അല്ലാകഷ്ടം വാക്ക് പോരിനാലില്ലാ
ഗുണം പക്ക്വതക്കുറവിനാൽ



Thursday 16 January 2014

ജീവിതസദ്യ

വിദ്യാഭ്യാസം ,ജോലി ,വിവാഹം ,കുട്ടികൾ
ഈ ക്രമത്തിൽ കഴിക്കണമെന്നത്രേ ചട്ടം
പണം ഒഴിച്ച്കൂട്ടാൻ ആവശ്യത്തിനു വേണം
വീട്, കാറ്, വസ്ത്രം, ആഡംബരങ്ങൾ
ഇതൊക്കെയാണ്കൂട്ട് കറികൾ
അധികാരം വറുത്തതും
പ്രശസ്തി  പൊരിച്ചതും സ്പെഷ്യൽ
ഈ ക്രമം തെറ്റി കഴിക്കുന്നത് പരാജയമത്രേ
ചുറ്റും കൺപാർത്താൽ
ക്രമം തെറ്റി എല്ലാം നഷ്ടപ്പെട്ടവർ
അടുത്ത വിഭവത്തിനായി
ഉണങ്ങിയ കൈയ്യുമായി കാത്തിരിക്കുന്നവർ
ഒരേ പന്തിയിൽ കണ്ണുനീർ ഉപ്പുകൂടുതൽ കിട്ടിയവർ
ചിലർക്ക് എല്ലാ വിഭവങ്ങൾക്കും മധുരം
കഴിച്ചതിനു രുചി പോരന്ന് ചിലർ
കഴിച്ചത് കുറഞ്ഞ് പോയന്ന് ചിലർ
കൂടുതൽ മെച്ചപ്പെട്ടതന്ന്വോഷിച്ച് ചിലർ
ഇതൊക്കെ കട്ടു തിന്നാമെന്നും ചിലർ
തിന്നിട്ടും തിന്നിട്ടും മതിവരാതെ ചിലർ
വിവാഹം കഴിച്ചതുകൊണ്ട് പിന്നെയൊന്നും
കഴിക്കാനാവാതെ പോയ പെൺകുട്ടികൾ
ജോലി കഴിക്കേണ്ടത്  കൊണ്ട്
വിദ്യാഭ്യാസം കഴിക്കാത്ത ബാല്യങ്ങൾ
വേണ്ടപ്പെട്ടവർക്കായി എല്ലാം മാറ്റിവച്ചർ
രോഗം മൂലം ഒന്നും കഴിക്കാതെ പോയവർ
അടുത്ത ഇലനോക്കി നെടുവീർപ്പിട്ട് ചിലർ
സദ്യയുണ്ടവർ ചിലർ കുഴികളിൽ സ്വൈര വിശ്രമം തേടി
ചിലർ അഗ്നിയിലലിഞ്ഞ് വായുവിൽ പാറി പറന്നു
അവരെ ശ്രദ്ധിക്കാതെ സദ്യക്ക് പുതിയാളുകൾ നിരന്നു
*****************************************************************
നിധീഷ് വർമ്മ രാജ യു


Thursday 9 January 2014

പശ്ചാത്താപ ഘട്ടം

കാട്ടുജീവികൾ ഇഷ്ടം വിഹരിക്കും
കാട് വെട്ടി കുടിയേറി കർഷകൻ
എതിരിട്ടു കഠിനമാം കാലത്തെ
വിജയിച്ച് വിളയിച്ച കർഷകൻ
ആ തലമുറ കർഷകർ പോയില്ലേ
കാലിൽ മണ്ണൊന്നു പറ്റാൻ മടിക്കുന്ന
ആർത്തിമൂത്ത തലമുറ വന്നില്ലേ
കാശ് കാശെന്നുള്ളിൽ പറഞ്ഞിട്ട്
താനിരിക്കുന്ന കൊമ്പ് മുറിച്ചില്ലേ
ജീവികൾതൻ പൂർവ്വിക സ്വത്തിനെ
കടുംവെട്ടിനു* വിറ്റുതുലച്ചില്ലേ
കാട്ടു ജീവികൾ തണ്ണീർകുടിക്കുന്ന
കാട്ടുചോല വിഷലിപ്തമാക്കീലേ
വാഹനത്തിൻ എണ്ണപ്പെരുപ്പത്തിൽ
അന്തരീക്ഷം പുകമയമാക്കീലേ
മണ്ണു മാന്തീലേ കുന്നു തകർത്തില്ലേ
മരം വെട്ടി ഹർമ്മ്യങ്ങൾ* കെട്ടീലേ
പാറക്കെട്ടും ചെറിയമലകളും
കാട്ടരുവികൾ ചോലകുളങ്ങളും
ശ്വാസകോശമാം നെൽപാടമൊക്കെയും
ഇഷ്ടംപോലെ നികത്തിയെടുത്തെന്നാൽ
കഷ്ടമാണിന്നു ഭൂവിന്നവസ്ഥയും
ഭൂമി മൊത്തമായ് വിറ്റ് വിഴുങ്ങുവാൻ
ആർക്കധികാരമെന്നൊന്ന്
ചിന്തിച്ചീടുകിൽ ഉറക്കെ ചോദിക്കുകിൽ
കിട്ടുമുത്തരം വരുന്ന തലമുറ
നന്ദിയോടെ സ്മരിക്കുന്നൊരുത്തരം
************************************************
കടും വെട്ട്: റബ്ബർ മരങ്ങൾ മുറിക്കുന്നതിനു മുൻപ്
അവസാനത്തെ പാലും ഊറ്റിയെടുക്കാൻ നടത്തുന്നത്
ഹർമ്മ്യം : മനോഹരമായ കെട്ടിടം
********************************************
നിധീഷ് വർമ്മ രാജാ യു