എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday 31 December 2013

സമയ രേഖ

 പുലരുന്നിരുട്ടുന്നു ദിനങ്ങൾ മാഞ്ഞൂ
വെയിൽ മാഞ്ഞിടുന്നു മഴവന്നിടുന്നു
നീളുന്ന കാലത്തെ അളക്കുവാനായ്
വർഷങ്ങൾ എണ്ണുന്നു മനുഷ്യ ലോകം

എണ്ണുന്നകാലം ഇനിയേറെയുണ്ട്
അതിലേറെയുണ്ട് മുമ്പെണ്ണാത്ത കാലം
ഇനിയേറെയെണ്ണാൻ മനുഷ്യനാമോ
തോണ്ടുന്നവൻ കുഴി ഭൂമിക്കു തന്നെ

എണ്ണുന്ന കാലത്തിൽ ഒന്നു കൂടി
കഴിയുന്നു മെല്ലെ പതിവെന്ന പോലെ
കഴിഞ്ഞ വർഷത്തിൻ നീക്ക് ബാക്കി
പുതിയ വർഷത്തിൻ പ്രതീക്ഷയല്ലോ

മുറിച്ച കാലത്തിൽ മുറിച്ച സ്വപ്നം
നടക്കുമെന്നേറെ കൊതിച്ചിടുന്നു
പുതിയ വർഷത്തിൽ ശുഭമായതെല്ലാം
നടക്കുവാനാശംസകൾ നേർന്നിടുന്നു





Friday 27 December 2013

എന്റെ ഭാഷ

കുഞ്ഞായിരുന്നപ്പോൾ അറിയാതെ കൊഞ്ചിയ
കിളിമൊഴിയാവുന്നു എന്റെ ഭാഷ
തുഞ്ചൻ കുറിച്ച കിളിപ്പാട്ടിൽകേട്ടൊരു 
ഭക്തിരസമാണിന്നെന്റെ ഭാഷ്
കുഞ്ചന്റെ തുള്ളലിനാധാരമായൊരു
ഹാസ്യശരങ്ങളാണെന്റെ ഭാഷ
ഇരയിമ്മൻ തമ്പിതൻ ഈരടി പാടുന്ന
ശൃംഗാരരസമാണിന്നെന്റെ ഭാഷ
ദ്രാവിഡ ഗോത്രത്തിൽ പേശിതെളിഞ്ഞൊരു
സംസാരഭാഷയാണെന്റെ ഭാഷ
സംസ്കൃത ഭാഷയാം രത്നം പതിച്ചൊരു
പൊന്നാഭരണമാണെന്റെ ഭാഷ
വൈദേശികർപോലും നെഞ്ചേറ്റിയൂട്ടിയ
സുന്ദര ഭാഷയാണെന്റെ ഭാഷ
ആഴത്തിലാഴത്തിൽ നേർവഴികാട്ടുന്ന
തത്ത്വങ്ങളാകുന്നു എന്റെ ഭാഷ്
അമ്പത്തൊന്നക്ഷരക്കൂട്ടങ്ങൾ ചേരുന്ന
വരമൊഴിയാകുന്നു എന്റെ  ഭാഷ
കവികളോരായിരം പാടിത്തെളിഞ്ഞൊരു
മധുരമാം കാവ്യമാണെന്റെ ഭാഷ
കഥകളോരായിരം ചൊല്ലിത്തരുന്നൊരു
കഥയുള്ള ഭാഷയാണെന്റെ ഭാഷ
പലനാട്ടിലൊക്കെയും പലതുപോൽ ചൊല്ലുന്ന
മലയാളഭാഷയാണെന്റെ ഭാഷ.
****************    നിധീഷ് വർമ്മ രാജാ യു ************************
 (സഹൃദയരുടെ നിർദ്ദേശപ്രകാരം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്)

Tuesday 24 December 2013

ചൂൽ

ആരൊക്കെയോ ചേർന്ന് മൂലയ്കിരുന്ന ചൂൽ
പൂമുഖം തന്നിലായ് കൊണ്ട് വച്ചു
തൂത്ത് വെടിപ്പാക്കി ആകെ തിളക്കുമെന്നാ-
വേശമോടവർ ചൊല്ലിടുന്നു
ചൂലിനു സാധിക്കും നാറുന്ന കുപ്പയെ
നീക്കിയെറിയാനെന്നോർത്തെല്ലാരും
പിന്നാലെ കൂടിനാൽ തള്ള പശുവിന്റെ
പിമ്പെ ഗമിക്കുന്ന ക്ടാവുകൾ പോൽ

ഏറ്റം പണിയുണ്ട് ചൂലിനു നീക്കുവാൻ
പറ്റിപ്പിടിച്ചോരഴുക്കുകളെ
നാറുന്നഴുക്കുകൾ പറ്റിയെന്നാലത്
കൊള്ളില്ല നല്ല സ്ഥലത്ത് തൂക്കാൻ
ആരും മടിക്കും കൈയ്യാൽ തൊടാനത്
ആകെ അഴുക്കായാൽ എന്നോർക്കണം
വൃത്തിയാക്കുന്ന ചൂൽ  വൃത്തിയാക്കീടുവാൻ
ആരും മറന്നങ്ങു പോകരുതേ

ചൂലൊന്നു വേണം അടിച്ചുതളിക്കുവാൻ
ഇൻഡ്യാ മഹാരാജ്യം വൃത്തിയാക്കാൻ
വൃത്തികൊതിക്കും ജനങ്ങളോ
ഏറ്റുന്നു ചൂലിൽ പ്രതീക്ഷകളും

Friday 20 December 2013

ക്രിസ്ത്മസ്

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

അടയാള നക്ഷത്രം വാനിലുദിച്ചു
ആയിരം നക്ഷത്രം മണ്ണിൽ വിരിഞ്ഞൂ
ആഘോഷമായ് ഇതാ ആഘോഷമായ്
തിരു പിറവിയുടെ ആഘോഷമായ്

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

ഒരുപാട് വേദനകൾ നിന്നിലലിഞ്ഞൂ
ഒരുപാട് പാപികൾക്ക് രക്ഷയുമായി
ബദ്ലഹെമിൽ ഒരുകാലി തൊഴുത്തിൽ
ലോകത്തിൻ പ്രകാശം ഉദിച്ചുയർന്നൂ

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

ക്രൂശേറിയോനേ ഉയിർപ്പവനെ
പാപികൾക്കാശ്വാസമായവനെ
തിരു ജന്മവാർഷീകം ആഘോഷിപ്പൂ
മണ്ണിലെ മാനവ ഹൃദയങ്ങൾ

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

Tuesday 3 December 2013

സാധാരണക്കാരൻ

എത്തിവലിഞ്ഞും ഞെരിഞ്ഞമർന്നും
ഒഴുകുന്ന ജീവിത നദി
ഒഴുക്കുനിലച്ച അഴുക്കുചാൽ

ദാരിദ്ര രേഖ മുറിച്ചു കടന്നത്
തെറ്റായെന്ന് സർക്കാർ
സമയ രേഖ മുറിച്ചുകടന്നത്
തെറ്റെന്ന് കടക്കാർ

മുകളിൽ വിഷമം താഴെ ആശ്വാസം
എത്തിച്ചാടുമ്പോഴേക്കും
അകന്നുപോകുന്ന ആഗ്രഹങ്ങൾ

തെരുവുനായ്കളുടെ
വിശപ്പൊടെ ചെലവുകൾ

ചെലവിന്റെ വശം താഴ്ന്ന തുലാസ്
നേരെയാക്കാനുള്ള അധ്വാനം

എങ്ങെനെയോ കണ്ടെത്തുന്ന താളം
ഇടയിൽ രോഗത്തിന്റെ അപതാളം

സ്വപ്നം കണ്ടും കൊണ്ടും കൊടുത്തും
ചുമ്മാതൊഴുകിത്തീരുന്നു ജീവിതം



Sunday 17 November 2013

വീട്

                                         ഇ മഷി മാസികയിൽ വന്നത്

വെട്ടമെത്താ ഗുഹയിലും
വന്മരത്തിൻ മുകളിലും
ചില്ലകൂട്ടും കുടിയിലും
ചേക്കേറി മനുജപിതാമഹർ

പൊന്നു വിളയും ഭൂമിയും
വെള്ളമുള്ള തടിനിയും
തേടിയെത്തിയ മാനവർ
കെട്ടി ഭൂമിയിൽ വീടുകൾ

കാലമൊഴുകും വേളയിൽ
കൂടിയതീ ആഗ്രഹം
വീട്കെട്ടി പാർക്കുവാൻ
പാരിലധിക കൗതുകം

തോൽക്കണം കൊട്ടാരവും
എന്നുറച്ചു മനസ്സിലും
മുങ്ങിടുന്ന കടത്തിലും
ആഡമ്പരങ്ങൾ കുറച്ചിടാ

രക്ഷയേകാൻ പണിതത്
ആശ്വാസമെന്ന്നിനച്ചത്
ആകെമുക്കി കടത്തിലും
ബാക്കിയുള്ളതു ശങ്കകൾ

ഏറെ വേണ്ടവലിപ്പവും
മാറിയെത്തും മോടിയും
അമ്പരക്കും നാട്ടരും
കാണുകില്ല നിത്യവും

എന്തിനാലെ  പണിയിലും
രണ്ട്നാളിൻ കൗതുകം
മാറിടുന്നൂ ഫാഷനും
വേറെയാകും ചേലുകൾ

പർപ്പിടത്തിൻ ഗർവിനാൽ
സ്ഥാനമാനമൊക്കെയും
ചോർന്നൊലിച്ച് ദാരിദ്രരും
ഒരുമനോക്കി പെരുമയും

കാഴ്ചവസ്തുവല്ലത്
സ്നേഹമാണതിൻ ബലം
മോടിയൽപ്പം കുറയിലും
ശാന്തമാണതിൽ മനം

ഐക്യമോടെ ഏവരും
സ്നേഹമോടെ കഴിയുകിൽ
ഭൂവിൽ സ്വർഗമൊത്തിടും
ഭവനമൊന്ന് തീർത്തിടാം

Thursday 7 November 2013

നാക്ക്

ഹൈക്കു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത എന്റെ ഹൈക്കു


Saturday 26 October 2013

കുറുംകവിതകൾ

ഹൈക്കു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത എന്റെ ഹൈക്കു സ്റ്റാറ്റസ്സുകൾ





Thursday 17 October 2013

കാവ്യ പ്രണയം

മലയാളകവിതയന്നൊരുകാലമാരും
കൊതിക്കുന്ന തരുണിയായി
ആടയാഭരണങ്ങളണിഞ്ഞന്ന്
മലയാള ഹൃദയത്തിൽ നൃത്തമാടി
ആ മനൊഹര നൂപുര താളത്തിൽ
ആയിരം കദനങ്ങൾ അലിഞ്ഞു പോയി

പ്രണയത്തെ ഊടാക്കി  വിരഹത്തെ പാവാക്കി
കഠിനമാം അനുഭവ പട്ടുനൂലാൽ
ഗഹനമാം ചിന്തകൾ കിന്നരി വയ്ച്ചുള്ള
പ്രകൃതി സൗന്ദര്യം കസവിട്ട
കിന്നരി പൂഞ്ചേലയണിഞ്ഞന്ന്
മലയാള ഹൃദയത്തിൽ നടനമാടി
സ്വാതന്ത്ര്യ സമരവും ശൃംഗാരരസങ്ങളും
ഭക്തിയും എന്തിനു വിപ്ലവവും
ഒക്കെയും ഇമ്പമാർന്നീണമായ്
മലയാളനാട്ടിൽ ഒഴുകിയെത്തി

കാലങ്ങൾ പോകവേ
മലയാള കവിതയോ
മണിമേടകൾക്കുള്ളിൽ ബന്ധിതയായ്
അരങ്ങു കുറഞ്ഞിട്ടും
ആസ്വാദനം കുറഞ്ഞിട്ടും
കുറച്ചുപേർ അവൾക്കങ്ങ് ശ്വാസമേകി

വികൃതമെന്നാകിലും കവിതപോൽ ചിലതെല്ലാം
കമ്പ്യൂട്ടർ വലയിൽ കുറിച്ചു ഞാനും
ജീവിത വീഥിയിൽ കണ്ടതും കേട്ടതും
ഒക്കുന്ന പോലെ വരച്ചു വച്ചു
പട്ട് പൂഞ്ചേലകൾക്കൊപ്പമില്ലെങ്കിലും
അത് എന്റെഎളിയ സമർപ്പണങ്ങൾ.

Wednesday 16 October 2013

മൂന്ന് കുറും കവിതകൾ

വിടരാൻ കൊതിച്ച പൂവുകൾ
വിടർന്നത് അബദ്ധമായെന്ന്
കൊഴിയാറായപ്പോൾ

(വിടരാൻ കൊതിച്ച മൊട്ടുകൾ എന്നാവും കൂടുതൽ ശരി എന്ന് ഹൈക്കു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ വി ബി കൃഷ്ണകുമാർ സാർ)
*******************************************************

പേരുകൾ പേരുകൾ 
ആളേ അറിയുവാൻ 
ആളുകൾ ചൊല്ലുന്ന 
അക്ഷരക്കൂട്ടങ്ങ്ൾ
**************************************

കരളിലെ വേദന
കണ്ണിലേക്കുള്ള യാത്രയിൽ
തൊണ്ടയിൽ വഴി മറന്നങ്ങിനെ

Sunday 6 October 2013

വാക്കിന്റെ നാഥ

ഒന്നിലും ശ്രദ്ധയില്ലാതെ കഠിനത
സഹിക്കാതെ ഒന്നിൽ നിന്നൊന്നിലേക്ക്
ചാടിപോകും മനത്തെ മെരുക്കി
വേഗത്തിൽ പായുംകുതിരയാക്കാൻ നീ തുണയ്കൂ

ആടിതീർക്കുന്നു വേഷമഖിലം
കഥയറിയാതിഹ തമ്പുരാട്ടി
ഉണ്ടാവേണം നിൻ തുണയെന്നുമെന്നിൽ
വേണ്ടും രസം വേണ്ടപോലാചരിക്കാൻ

ഏറെ കാലം കഠിനതസഹിച്ച്
നേടും വിദ്യയെല്ലാം പാഴാക്കാതു
പകാരമാക്കുവാൻ ശക്തി നൽകൂ
മണിവീണയേന്തുന്ന ദേവീ

ചൊല്ലിപോകും വാക്കിൻ വിഷത്തെ
നീക്കി തേനിൻ മാധുര്യമാക്കാൻ,
വേണ്ടുംവാക്കുകൾ വേണ്ടപോലിടമുറിയാതെ
നാവിലെത്തണം വാക്കിന്റെ നാഥേ

വിദ്യകളാവശ്യം സ്വായത്തമാക്കാൻ
വേഗത്തിൽ തുണചെയ്യണം ദേവിയെന്നിൽ
മോദത്തൊട് വിളങ്ങുവാൻ ഞാൻ
 കൈകൂപ്പി കാലമെന്നും തൊഴുന്നേൻ

Thursday 12 September 2013

ഓണനേരം



ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിങ്ങാർപ്പ് ചൊല്ലാൻ നേരമെത്തി കൂട്ടരെ

നാട്ടിലുള്ള കാട്ട് പൂവിലും ഓണമെത്തീ കൂട്ടരെ
കെട്ടിമേയാചെറുകുടിലിലും ഓണമെത്തി കൂട്ടരെ
കുഞ്ഞിനുംദാ വയസ്സനും ദാ ഓണമെത്തീ കൂട്ടരെ
വലുത്ചെറുതെന്നാളുനോക്കാതോണമെത്തി കൂട്ടരെ

ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിങ്ങൊത്ത് ചേരാനോണമെത്തി കൂട്ടരെ

മാവേലിമന്നൻ വീട്ടിലെത്തും നേരമെത്തി കൂട്ടരെ
ചെടികളെല്ലാം പൂവിടുന്ന നേരമെത്തി കൂട്ടരെ
പൂക്കളാലെ കളമൊരുക്കും ഓണമെത്തീ കൂട്ടരെ
പുതിയ വേഷമൊടൂയലാടാൻ നേരമെത്തി കൂട്ടരെ

ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിന്നൊത്തു ചേരാനോണമെത്തി കൂട്ടരെ

വ്യഥകളൊക്കെ മറന്നുപാടാൻ ഓണമെത്തീ കൂട്ടരെ
ഒത്തു കൂടി തുമ്പി തുള്ളാൻ നേരമെത്തി കൂട്ടരെ
വീഥിയാകെ പുലികളിയുടെ നേരമെത്തി കൂട്ടരെ
നാട്ടിലാകെ ആഹ്ലാദത്തിന്നോണമെത്തി കൂട്ടരെ

ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിന്നൊത്തു ചേരാനോണമെത്തി കൂട്ടരെ
****************

Wednesday 14 August 2013

ഭാരതം



പെറ്റുവീണ നാൾമുതൽക്ക്
നെഞ്ചിലേറ്റും രാജ്യം
കോടി കോടി ജനമനസ്സിൽ
കൊടിയുയർത്തും രാജ്യം

ഭാഷ വേഷ ഭൂഷണങ്ങൾ
ആകെ മാറുമെങ്കിലും
ആകെയൊന്നിതെന്ന ബോധ്യം
ആഴമായുണ്ടാകണം

വേറെയാണു ദൈവവും
വർണ്ണ വർഗ്ഗമെങ്കിലും
ഓർക്കുനെഞ്ചിലൂറ്റമോടെ
ഭാരതീയർ ഏവരും

ആയിരങ്ങൾ ജീവനെ
വിലകൊടുത്ത് നേടിയീ
ഇന്ത്യ കൈവിടല്ലേ
ശ്വാസമുള്ളിടത്തോളം

Saturday 10 August 2013

ഭാഷാ ഫലിതങ്ങൾ




പ്രശസ്ത മലയാളം മുൻഷി ആണു കുഞ്ഞിരാമൻ മാഷ്. അദ്ദേഹത്തിന്റെ ചെറുമകൾ പോത്തീസിൽ പോയി വസ്ത്രം
എടുക്കണം എന്ന് പറഞ്ഞൂ. മലയാളം മുൻഷി ആയ തന്റെ ചെറുമകൾ മലയാളത്തിൽ തെറ്റ് പറയുകയോ? മാഷ് കൊച്ചു
മകളെ ഉപദേശിച്ചു.

"പോത്ത് പുല്ലിംഗം ആണ് അതിന്റെ സ്ത്രീ ലിംഗം എന്നത് എരുമ എന്ന് ആണ് ഒന്നുകിൽ പോത്ത്സ് എന്ന് പറയുക അല്ലെങ്കിൽ എരുമാസ് എന്ന് പറയുക ഒരിക്കലും പോത്തീസ് എന്ന് പറയരുത്. പോത്ത്സ് അല്ലെങ്കിൽ എരുമാസ് എന്നു പറഞ്ഞാലും മംഗ്ലീഷ് ആണ്. അപ്പോൾ പോത്ത്കളുടെ കട അല്ലെങ്കിൽ എരുമകളൂടെ ക്ട എന്നതാണു ശുദ്ധമായ മലയാളം."

കുഞ്ഞിരാമൻ മാഷുടെ ഉപദേശം കേട്ട് ചെറുമകൾ മിഴിങ്ങസ്സ്യാന്ന് നിന്ന് പോയി.

(പോത്തീസ് : കേരളത്തിലും തമിഴ്നാട്ടിലും പ്രശസ്തരായ വസ്ത്ര വ്യാപാരികൾ)

========================================================================================
മന്ത്രിമാർക്കെതിരെയുള്ള ആരോപണങ്ങൾ സിറ്റിങ്ങ് ജഡ്ജി അന്വോഷിക്കുക...

അതെന്തിനാ ഇരിക്കുന്ന ജഡ്ജി തന്നെ അന്വൊഷിക്കുന്നത്,ജഡ്ജി നിന്നോ ഇരുന്നോ ഇഷ്ടമുള്ളതു പോലെ അന്വോഷിക്കട്ടെ.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
പാർട്ടി സ്റ്റാന്റിങ്ങ് കമ്മിറ്റിയിലേക്ക് വൃദ്ധനായ നേതാവിനെ എടുത്തെന്നറിഞ്ഞ അനുയായികൾ പൊട്ടിതെറിച്ചു. പാർട്ടിയ്ക് വേൻടി ജീവിതം ഉഴിഞ്ഞ് വച്ചതും പോരാഞ്ഞ് പാവത്തിനെ ഇരിക്കാൻ പോലും അനുവാദമില്ലാത്ത നിൽക്കുന്നവരുടെ കമ്മിറ്റിയിൽ ഇട്ടെന്നോ?

Sunday 23 June 2013

നാടൻ മെയ്ഡ് ഫോറിൻ പലഹാരങ്ങൾ


      രാമൻ നായരുടെ ചായക്കട ആയിരുന്നു ആ നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടൽ. അവിടെ നിന്നും വർഷങ്ങ്ളായി ചായ കുടിക്കുന്നവരും ആരോഗ്യ ദൃഡ ഗാത്രന്മാരായി ആ നാട്ടിലുണ്ടായിരുന്നു. പുക തിങ്ങിയ കരിപിടിച്ച  അകത്തളവും വർഷങ്ങളുടെ കഥ പറയാൻ കഴിയുന്ന ആടുന്ന ബഞ്ചും നാട്ടിൽ കിട്ടുന്ന ഒരുവിധം എല്ലാ പത്രങ്ങളും പത്രങ്ങളേക്കാൾ വിവരം നൽകാൻ കഴിയുന്ന നാടൻ പരദൂഷണങ്ങളും എല്ലാം ചേർന്ന ഒരു ലോകമായിരുന്നു ആ ചായക്കട.
        നാടൻ പശുവിൻ പാലിൽ നല്ല മൂന്നാർ തെയില ഇട്ട കടുപ്പമുള്ള ചായ കുടിച്ചാൽ ലോകത്തെ ഏറ്റവും വിലകൂടിയ ആരോഗ്യ പാനീയത്തെക്കാൾ ഉന്മേഷം ലഭിക്കും.മുളങ്കുറ്റിയിൽ ചുട്ടെടുക്കുന്ന പുട്ടും പപ്പട വട്ടമൊത്ത ദോശയും നല്ല കറികളും എല്ലാം ആ നാട്ടിലെത്തുന്നവരുടെ നാവുകളിൽ രുചിയുടെ ഓർമ്മ പ്പെരുമഴ പെയ്യിച്ചിരുന്നു. വയലോരത്ത് വിളഞ്ഞ ഏത്തപ്പഴം നല്ല വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന വാഴയ്കാപ്പം ഉണ്ടാക്കി തീരുന്നതും വിറ്റ് തീരുന്നതും ഒരുമിച്ചായിരുന്നു.വയറ് നിറയെ കഴിച്ചാലും കീശയധികം ഒഴിയാത്തതിനാൽ ജനങ്ങൾക്കും സന്തോഷം.
    ഈയടുത്ത് നാട്ടിൽ പുതിയ ബേക്കറികൾ വന്നു.  കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ കൃത്രിമ രുചിയുടെ തിളങ്ങുന്ന  നാടൻ മേയ്ഡ് ഫോറിൻ പലഹാരങ്ങൾ. സ്വാദ് മുകുളങ്ങളെ ഉദ്ദീപിപ്പിക്കാൻ മാത്രം  രാസ വസ്തുക്കൾ യഥേഷ്ടം ചേർത്ത നിറവും മണവും ഉള്ള പലഹാരങ്ങൾക്ക് മുൻപിൽ രാമൻ നായരുടെ നാടൻ വിഭവങ്ങൾ നാണിച്ചു തല താഴ്തി. വെളിച്ചം കുറഞ്ഞ പുക നിറഞ്ഞ രാമൻ നായരുടെ കട കൂടുതൽ ഇരുട്ടേറിയതും പുക കുറഞ്ഞതുമായി മാറി.
               മകന്റെ ഉപദേശപ്രകാരം രാമന്നായർ കടയിൽ നാടൻ പലഹാരങ്ങൾക്ക് പകരം നിറവും മണവുമുള്ള് പലഹാരങ്ങൾ സ്ഥാനം പിടിച്ചു. അല്പം രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെങ്കിലും ഗുണനിലവാരം തെല്ലും കുറയാതിരിയ്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അങ്ങിനെ ആ കട ജീൻസും ടോപ്പുമിട്ട വല്ല്യമ്മയെപോലെ ആ നാട്ടിൽ നിലകൊണ്ടു. എങ്കിലും കച്ചവടത്തിൽ വല്ല്യ പുരൊഗതിയൊന്നുമില്ലതെ രാമൻ നായർ വിഷമിച്ചു. കടയുടെ ഭങ്ങിക്കുറവാണു ആൾക്കാർ കയറാത്തത് എന്ന് ആരൊ പറഞ്ഞറിഞ്ഞ രാമൻ നായർ തന്റെ കിടപ്പാടം പണയം വച്ച് കട മോടി പിടുപ്പിച്ചു. വെളിച്ച്ം നിറഞ്ഞ ചില്ല് കൊട്ടാരം പോലുള്ള കടയിൽ ആളുകൾ കൂടുതൽ കയറിയെങ്കിലും വില ഇരട്ടിപ്പിച്ചെങ്കിലും കടം വീട്ടാനും ജോലിക്കാർക്ക് ശമ്പളം കൊടുക്കാനും എല്ലാം കഴിഞ്ഞാൽ വീട്ട് ചെലവിനും ഒന്നും തികയാതെ വന്നു.
       ഭക്ഷണം ദൈവീകമായതിനാൽ അതിൽ മായം ചേർക്കരുതെന്ന തന്റെ പഴഞ്ചൻ നിലപാടാ‍ണു പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് നിലപാട് തിരുത്താൻ അയാൾ തീരുമാനിച്ചു. ഇപ്പോൾ വൃത്തി പുറത്തു മാത്രം. അകത്ത് ചീഞ്ഞതും പഴകിയിതുമായ ഭക്ഷണങ്ങൾ അടുക്കളയിൽ രൂപ പരിണാമം നേടി ജനങ്ങളിൽ എത്തുന്നു പുതിയ നിറത്തിൽ പുതിയ ഗന്ധത്തിൽ ആർക്കും ഒരു പരാതിയുമില്ലാതെ.

By Nidheesh Varma Raja U  www.nidheeshvarma.blogspot.com

Wednesday 12 June 2013

എന്റെ നെടുവീർപ്പുകൾ (രണ്ട്) ഹൈക്കു പോലെ വീണ്ടും



അവധി

************************************

നന്മകൾക്കവധി നൽകി

കാര്യനേട്ടത്തിനു,

മാനവർ


മലയാളി

*************************************

വലിയ നഷ്ടങ്ങളുടെ മുതലാളി

ചെറിയ നേട്ടങ്ങളുടെ തൊഴിലാളി

മലയാളി......



പണം

********************************

ചാടിപോകാൻ വഴിനോക്കുന്ന

ആയിരം കാമുകന്മാരുള്ള

പതിവ്രതയല്ലാത്ത പണം

Sunday 9 June 2013

ഹൈക്കു പോലെ എന്തക്കയൊ........

***************
ജീവിത സാഗരത്തില്‍
പ്രതീക്ഷകളുടെ കല്ലുകെട്ടി
താഴ്തപ്പെട്ടവര്‍
***********************

ടിക്കെറ്റില്ല, ക്യാമറയില്ല

മഴയുടെ കുളിരിൽ 
സുന്ദര സ്വപ്നം.....

*********************


തെരുവു മക്കളോട്

സാഹിത്ത്യമോതാത്ത
മഴ........


**************


 പുറത്ത് മഴയും തണുപ്പും
 ദേഹത്ത് ചൂടും കുളിരും
 പനി...

***************



ചിരിക്കുന്ന പൊയ്മുഖങ്ങൾ

തേനിൽ സൂചിവച്ച വാക്കുകൾ
പോരടിക്കുന്ന മാനസം
സ്നേഹം...സ്നേഹം..

***************


ഓരോ മതത്തിന്റെ ചട്ടിയിലും

ഓരോ ബോണ്‍സായി ദൈവങ്ങള്‍
മതച്ചട്ടക്കൂട്ടില്‍ ശ്വാസം  കിട്ടാതെ ദൈവം

*************************

ഓർക്കെണ്ടതോർക്കാതെ 

മറക്കേണ്ടത് ഓർത്തും
ഓർമ്മയുടെ കുസൃതി

Sunday 2 June 2013

ജീവിത ഗണിതം

    ഗണിതം അവനെന്നും പിടികൊടുക്കാത്ത ചങ്ങാതി ആയിരുന്നു. അവഗണിക്കപ്പെടുന്ന ശിഷ്ടവും താളം തെറ്റുന്ന ഗുണന പട്ടികകളും അവന് എന്നും പ്രശ്നമായിരുന്നു. അതുകൊണ്ടായിരിക്കാം പത്തിനു ശേഷം പ്ല്സ് റ്റൂ ചേർക്കാൻ അവനു കഴിഞില്ല. അവൻ ഗണിതത്തെ അൽ‌പ്പമെങ്കിലും സ്നേഹിച്ചു തുടങ്ങിയത് ഒരു മൾടി ലെവൽ മാർക്കെറ്റിങ് കമ്പനിയിൽ ചേരാൻ ചെന്നപ്പൊൾ അവർ വരച്ച പെരുക്കപ്പട്ടിക കണ്ടായിരുന്നു. അതവന്റെ കുടുംബ സ്വത്തിലും ന്യൂനക്രിയ നടത്തിയത് മാത്രം മിച്ചം.
      പ്രണയത്തിൽ ഗണിതത്തിന്റെ ശല്ല്യം ഇല്ലാത്തതിനാലാവണം അവന്റെ ബാല്ല്യകാല സഖിയൊട് പ്രണയത്തിലായതും അത് ഒരു വിവാഹത്തിന്റെ വക്കോളം എത്തിയതും. അവിടെ അവന്റെ സമ്പാദ്യ കണക്കുകളും അവന്റെ ബന്ധുക്കളുടെ സ്ത്രീധന കണക്കുകളും കണക്കുകൂട്ടലുകൾ തെറ്റിച്ചത് ഗണിതത്തിലെ പോരായ്മ കൊണ്ടായിരിക്കാം. അതിനുശേഷം അവനൊഴിച്ച മദ്യകുപ്പികളുടെ കണക്കുകളും സൂക്ഷിക്കപ്പെട്ടില്ല.
           മദ്യത്തിന്റെ ലഹരിയിൽ ലോട്ടറികച്ചവടക്കാരനു കൊടുത്ത പൈസയുടെ കണക്ക് തെറ്റിയെങ്കിലും ആ ലോട്ടറിയുടെ ഒന്നാം സമ്മാനം അയാൾക്കായിരുന്നു. തനിക്ക് നഷ്ട്പ്പെട്ട ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടപാച്ചിലിനിടെ ലോട്ടറിപണം കുറയുന്നതിന്റെ കണക്കും അയാൾ അറിഞ്ഞില്ല.
          ജീവിതത്തിന്റെ അന്തിമഘട്ടത്തിൽ താൻ സംഭാവന നൽകി നിർമ്മിച്ച് വൃദ്ധ സദനത്തിന്റെ മേൽക്കൂരയ്കു താഴെ സ്നേഹിച്ച് വളർത്തിയ മകളുടെ വരവും കാത്ത് വേർപിരിഞ്ഞ ജീവിത സഖിയെയും ഓർത്ത് താൻ ചെയ്ത ഏക ദാനത്തിന്റെ തണലിൽ ദിനരാത്രങ്ങൾ തള്ളിനീക്കുമ്പോൾ ജീവിതത്തിന്റെ കണക്ക് ന്ഷ്ടമോ ലാഭമോ എന്ന് നിർണ്ണയിക്കുന്നതിലും അയാൾ പരാജയപ്പെട്ടു.

                 നിധീഷ് വർമ്മ രാജ യു.

Monday 27 May 2013

പ്രപഞ്ച വിസ്മയം

ആദികാലമതില്‍ ആകെയൊന്നായി
അനന്തം ആനന്ദമേകരൂപം
മഹാ പ്രപഞ്ചത്തെയുള്ളിലാക്കി
ഒരു വന്മരത്തിന്‍  വിത്തെന്ന പോലെ
പരമാത്മരൂപം അരുളുന്ന കാലം
അതിന്‍റെ ഊര്‍ജ്ജം സ്വതന്ത്രമായി
അതില്‍നിന്ന് വിരിയുന്നു മഹാപ്രപഞ്ചം
ഒരു കുഞ്ഞു പൂവ് വിടരുന്ന പോലെ
വിടരുന്നു വിലസുന്നു അതിന്‍ പ്രഭാവം
തുടരുന്നതീക്രിയ അനന്തകാലം

അതിനുള്ളിലായൊരു കുഞ്ഞു ഗോളം
ഭൂലോകമാകുന്ന ജീവ ലോകം
അതിനെ ആകെ അടക്കി വാഴാന്‍
അത്ത്യാര്ത്തി പൂണ്ടു നരജീവികള്‍ വാണിടുന്നു
കൈയ്യാല്‍ തൊടുന്നത് സ്വന്തമാക്കാന്‍
കണ്ണാല് കാണ്മത് പേരിലാക്കാന്‍
ഭൂമിക്കിതാകെ വിനയെന്നത് ഓര്ത്തിടാതെ
സഹ ജീവി നാശമത് കൂസിടാതെ
തന്‍ കാര്യ നേട്ടമത് ലക്ഷ്യമോടെ
ആവേശമോട് പണിപെടും ബുദ്ധിശാലി
ഈ ഭൂമിമൊത്തം കാല്‍കീഴിലെന്നാല്‍
ഓര്‍ക്കുന്നതില്ല അവന്‍റെ കാലം
ദീര്‍ഘായുഷ്മന്റെ നൂറുകൊല്ലം
അതീ പ്രപഞ്ചത്തില്‍ നിമിഷ നേരം

ഇന്നീ പ്രപഞ്ചത്തിന്‍ വലിപ്പമോര്ത്താല്‍
അതില്‍ അടങ്ങുന്ന മഹത്ത്വമോര്ത്താല്‍
അലയാഴി കണ്ട കുഞ്ഞു കണക്കെ നമ്മള്‍
അത്യാഹ്ലാദ വിസ്മയമോട് നോക്കിനില്‍ക്കും





Wednesday 15 May 2013

ആര്‍ഷ ഭാരതം

           
        നിരവധി തവണ കേട്ടിട്ടുണ്ടെങ്കിലും  ആര്‍ഷ ഭാരത സംസ്കാരം എന്താണെന്നു പലര്‍ക്കും അറിയില്ല.ഞാന്‍ മനസ്സിലാക്കിയത് പറയാം, പുരാതന ഋഷി വര്യന്മാര്‍ തലമുറകളിലൂടെ കൈമാറിയ വിജ്ഞാനവും സംസ്കാരവും തത്ത്വ ചിന്തയും എല്ലാം അടങ്ങിയതാണ് ഈ ആര്‍ഷ ഭാരത സംസ്കാരം. ഇത് ഏതെങ്കിലും പാര്ട്ടിയ്കോ മതത്തിനോ വര്ഗ്ഗത്തിണോ മാത്രം അവകാശപ്പെട്ടതല്ല മറിച്ച് എല്ലാ ഭാരതീയര്‍ക്കും മാനവരാശിക്കാകമാനവും അവകാശപ്പെട്ടതാണ്. ആ പരമ്പരാഗത ചിന്താ സരണിയുടെ ഭാഗമാണ് വ്യാസനും ബുദ്ധനും ശങ്കരാചാര്യരും ചാര്‍വാകനും ജൈനനും തുടങ്ങി ഉന്നത സൂഫി സന്യാസിമാരും എല്ലാം. ഋഷിമാരുടെ ഫലേച്ച ഇല്ലാത്ത ധ്യനത്തിന്റെയും വിചിന്തനത്തിന്റെയും ഫലമാണീ അറിവുകള്‍. 
                      ആര്‍ഷഭാരതത്തെ വിമര്ശിക്കുനന്നവര്‍ക്കും തള്ളിക്കളയാന്‍ ആവാത്തതാണ് ചില കണ്ടുപിടുത്തങ്ങള്‍ ഭാരതീയര്‍ നടത്തി എന്നത് (സായിപ്പും അന്ഗീകരിച്ച്ചിട്ടുണ്ടല്ലോ)പൂജ്യത്തിന്റെ കണ്ടുപിടുത്തം,ആര്യഭടന്റെ ജ്യോതി ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലെയും സംഭാവനകള്‍, ഭാരതീയ ആയുര്‍വേദ ചികില്‍ത്സാ സമ്പ്രദായം, തുടങ്ങിയവ നിസ്തര്‍ക്കം തന്നെ. പല കണ്ടുപിടുത്തങ്ങളുടെയും കാലഘട്ടങ്ങളും രീതികളും മാത്രമാണ് പലര്‍ക്കും തര്‍ക്ക വിഷയം. ആരെന്കിലും അയ്യായിരം വര്ഷം മുന്‍പ്‌ കണ്ടെത്തി എന്ന് പറഞ്ഞാല്‍ ഉടന്‍ പറയും അയ്യേ അത് രണ്ടായിരം വര്ഷം മാത്രമേ ആയുള്ളല്ലോ എന്ന് പറഞ്ഞു കളിയാക്കും. എനിക്ക് മനസ്സിലാവാത്തത് ഇനി അത് ആധുനീക ലോകം കണ്ടു പിടിക്കുന്നതിനു ഒരു ദിവസം മുന്‍പെങ്കിലും കണ്ടെത്ത്തിയിട്‌ുന്ടെങ്കില്‍ അത് ഒരു വല്ല്യ കാര്യമാണെന്ന് അംഗീകരിക്കാന്‍ ഇവര്‍ക്കെന്താ ഇത്ര മടി എന്നതാണ്.
         വൃക്ഷങ്ങള്‍ക്ക് ജീവനുണ്ട് എന്ന് പണ്ടേ പറഞ്ഞിട്ടുള്ളത്‌ പിന്നീറ്റ്‌ ആധുനിക ശാസ്ത്രത്തിനു മുന്‍പില്‍ ജഗദീഷ്‌ ചന്ദ്ര ബോസ് തെളിയിക്കും വരെ അന്ധ വിശ്വാസം ആയിരുന്നു. വേപ്പിന്റെ ഔഷധ ഗുണം നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞത്‌ ആര്‍ക്കും അംഗീകരിക്കാന്‍ വയ്യാരുന്നു ഒരു ദിവസം അമേരിക്കന്‍ കമ്പനി അതിന്റെ പേറ്റന്റ് നേടിയപ്പോള്‍ ഒന്നും പറയാനില്ല. മഞ്ഞളിന്റെ മുറിവുണക്കാനുള്ള കഴിവ്‌ അതുപോലെ മറ്റൊരു അമേരിക്കന്‍ കമ്പനി പേറ്റന്റ് എടുത്തു.ആല്‍ മരം പ്രകൃതിയില്‍ ഏറ്റവും അധികം വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള വൃക്ഷം ആണെന്ന് ആധുനീക ശാസ്ത്രം കണ്ടെത്ത്തിയപ്പോഴും ആല്‍ മരം വിശുധ്ധമായത് അന്ധവിശ്വാസം മാത്രം. മഞ്ഞപ്പിത്തം ആധുനീക വൈദ്യ ശാസ്ത്രത്തിനു കീഴടങ്ങുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ നാട്ടു മരുന്നിനു മുന്‍പില്‍ കീഴടങ്ങിയിരുന്നു.ചാണക്ക്യന്റെ അര്‍ത്ഥ ശാസ്ത്രം ആധുനീക സമൂഹത്തിലും പഠനാര്‍ഹാമാണല്ലോ?പിന്തുടര്ച്ച്ചകളില്ലാതെ ഭാരതത്തിലെ പല അറിവുകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു മാത്രമല്ല അന്ധവിശ്വാസം എന്ന് പറഞ്ഞു പല അറിവുകളും അര്‍ഹിക്കുന്ന പഠനങ്ങള്‍ നടക്കുന്നില്ല.     
               ഭാരതീയ സംസ്കാരത്തെയും ആചാരങ്ങളെയും തള്ളിപ്പറഞ്ഞു വല്ല്യ ആളുകള്‍ ആകുക എന്നത് ഒരു ഫാഷന്‍ ആയി ചിലര്‍ കരുതുന്നു.ഇവര്‍  മനസ്സിലാക്കാത്ത ഒരു സത്യമുണ്ട് അവര്‍ കുറ്റം പറയുന്നത് അവരുടെ മുന്‍ തലമുറകളെ കൂടിയാണ്.  അതിനായി അവര്‍ ചെയ്യുന്നത് മുന്‍കാലത്ത് നടന്ന പല അനാചാരങ്ങളെയും എടുത്തു പറഞ്ഞു അവ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് എന്ന്സ്ഥാപിക്കല്‍ ആണ്. ഭാരതത്തിന്റെ അറിവുകളെ തള്ളിപ്പറയാന്‍ പലരും ഉപയോഗിക്കുന്നത് ജാതി വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട ഏതെന്കിലും അനാചാരങ്ങളും ആയിരിക്കും.  നല്ല അറിവുകളെ എവിടെ എങ്കിലും വച്ചുകെട്ടി മൊത്തത്തില്‍ മോശമാക്കിപറയുന്നവര്‍ മോശമാക്കുന്നത് സ്വന്തം സംസ്കാരത്തെ ആണെന്നെന്നും ഓര്‍ക്കാറില്ല. ലോകത്ത്‌ ഒരു കാര്യവും പൂര്‍ണ്ണമായും നല്ലത് മാത്രമല്ല.യുക്തി വാദത്തിന്റെ ആദ്യ വേരുകള്‍ കള്ളന്മാരിലും സാമൂഹ്യ വിരുധ്ധരിലും അല്ലേ കെട്ടുപിണഞ്ഞു കിടക്കുന്നത്,അവരൊന്നും ഇന്നത്തെ ചിലരെ എങ്കിലും പോലെ ശാസ്ത്ര ജ്ഞാനം അടിസ്ഥാനമാക്കിയോ സാമൂഹ്യ നന്മയെ ഉദ്ദേശിച്ചോ അല്ലല്ലോ ദൈവത്തെ തള്ളിപ്പറഞ്ഞത്.എല്ലാ മതങ്ങള്‍ക്കും ഇരുണ്ട കറുത്ത അധ്യായങ്ങള്‍ ചരിത്രത്തില്‍ ഉണ്ടല്ലോ. അണ്‌ുബോംമ്പും എന്ടോസള്‍ഫാനും ആയുധങ്ങളും എല്ലാം ശാസ്ത്രത്തിന്റെ കറുത്ത വശങ്ങള്‍ അല്ലേ അതുകൊണ്ട് മാത്രം ഇവയെല്ലാം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ ആകുമോ?.  അറിവുകള്‍ സ്വര്‍ണ്ണം പോലെ നിരവധി അനവധി അഴുക്കുകളില്‍ പെട്ട് കിടക്കുകയാനെന്കിലും അവയെ ശുദ്ധീകരിച്ച് ആധുനീക സമൂഹത്ത്തിനു പ്രയോജനപ്രദമാക്കുന്നതാവും നല്ലത്.
            ഇതൊക്കെ പറഞ്ഞത്‌ പുരാതന ഭാരതം സമ്പൂരണനയിരുന്നു എന്ന് വാദിക്കുവാണോ എല്ലാം കണ്ടുപിടിച്ചത് പുരാതന ഭാരതീയര്‍ ആണെന്നോ പറയാനല്ല മറിച്ച് ഭാരതീയം എന്നത് കൊണ്ട് മാത്രം ഒന്നും തള്ളിക്കളയാന്‍ പാടില്ല. വെറുതെ മേനി പറയാനോ കളിയാകി തള്ളാനോ ശ്രമിക്കാതെ അര്‍ഹിക്കുന്ന പഠനം നല്കാനും നല്ലതിനെ നല്ലത് എന്ന് കരുതി സ്വീകരിക്കാനും തള്ളേണ്ടത്തള്ളുകയും ഉള്ള മനസ്സ്‌ ഉണ്ടാവേണ്ടതാണ്  .  
                                         

Wednesday 1 May 2013

മൃഗ സിങ്ങര്‍



             .   കാട്ടുവിഷന്‍ ചാനലിലെ  മൃഗ സിങ്ങര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മഞ്ഞണികാട്ടിലെ കുഞ്ഞന്‍ മുയല്‍.അവനൊപ്പം തന്നെ തേന്‍മഴ ക്കാട്ടിലെ മോട്ടു മയില്‍,പൂമരച്ചോട്ടിലെ കിങ്ങിണി മുയല്‍ പിന്നെയും കുറെ മുയലുകളും തത്തകളും മയിലും കുയിലും,കിര്‍മന്‍ സിംഹക്കുട്ടിയും പുലിക്കുട്ടിക്കള്‍ ആയ രുംബനും മോമ്പന്നും എല്ലാം ഉണ്ട്. എല്ലാരും നല്ല പാട്ടുകാരാ.കുഞ്ഞന്‍ മുയല്‍ സന്തോഷത്തോടെ തുള്ളിച്ചാടി മത്സരിക്കാന്‍ തയ്യാറായി വന്നു. ജയിച്ചാല്‍ കാട്ടിന് നടുക്ക് വല്ല്യ സൌകര്യമുള്ള ആധുനീക ഗുഹയാണ് സമ്മാനം.പിന്നെ ജീവിത കാലം മുഴുവന്‍ ഇഷടമുള്ള പഴങ്ങളോ ഭക്ഷണങ്ങളോ ഒക്കെ ടി വി ക്കാരുടെ വകയായിട്ടുണ്ട്. ഒരു ക്യാരറ്റ് കൊട്ടാരം ചോദിക്കണം കുഞ്ഞന്‍ മനസ്സില്‍ കരുതി.
                          പരിപാടി അവതരിപ്പിക്കുന്നത് മിസ്സ്‌ കടുവാ കുമാരി ആയിരുന്നു.           .ഈ പരുപാടിയുടെ ജഡ്ജ്സ് ആയി വരുന്നത് കാട്ടോളിപാറ  വേലു കുറുക്കനും ചെമ്പോളി ക്കാട്ടിലെ വരയന്‍ കടുവയും കാട്ടരുവിക്കരയിലെ നീളന്‍ പെരുംപാമ്പുമാണ് എല്ലാരും പാട്ടുകാരാണ്.അതിനിടയില്‍ തന്റെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാന്‍ അവന്‍ പരമാവധി ശ്രമിച്ചു. ജഡ്ജസ്  ഓരോ പാട്ടുകള്‍ക്കും കുറ്റങ്ങളും കുറവുകളും കണ്ടെത്തി പറയും.ശ്രുതി ശരിയായില്ല,ശബ്ദം ശരിയായില്ല, സംഗതി ഇല്ല, പാട്ടിന്റെ വരി തെറ്റിച്ചു ഹോ...ഇനി എല്ലാം ശരിയായാലും പറയും കുറച്ചുകൂടി നന്നാക്കാന്‍ ഉണ്ടെന്നു
            എല്ലാ ആഴ്ചയും കുറച്ചു പേരെ എലിമിനേറ്റ്‌ ചെയ്യും . കുറച്ച് കാലം കഴിഞ്ഞപ്പോള്‍ കുഞ്ഞന്‍ മുയല്‍ ഒരു കാര്യം ശ്രദ്ധിച്ചു. പങ്കെടുക്കുന്നവരില്‍ എലിമിനേറ്റ്‌ ആവുന്നത് എല്ലാം മുയലുകളും കോഴികളും കൊച്ചുകൊച്ചു ജീവികളും ആണ്. സിംഹ കുട്ടികളും പുലികുട്ടികളും ഒന്നും എലിമിനേറ്റ്‌ ആവുന്നില്ല.ഒഴിവക്കപ്പെടുന്നവരെ ഒന്നും പിന്നെ കാണുന്നില്ല.ഒരുദിവസം കുഞ്ഞന്‍ മുയല്‍ ജഡ്ജസ് തമ്മില്‍ പറയുന്നത് ഒളിഞ്ഞു നിന്ന് കേള്‍ക്കാന്‍ ഇടയായി.

വേലു കുറുക്കന്‍: >:കഴിഞ്ഞാഴ്ച എലിമിനേറ്റ്‌ ചെയ്ത മൊട്ടു മുയലിനു എന്തൊരു സ്വാദായിരുന്നു. നമുക്കെല്ലാവര്‍ക്കും വയര് നിറച്ച് തിന്നാന്‍ അവന്‍റെ കുറെ ബന്ധുക്കളുംകൂട്ടുകാരും ഉണ്ടായിരുന്നു .
വരയന്‍ കടുവ: ഇത്തവണയും മുയലിറച്ചി മതി.കുഞ്ഞന്‍ മുയലിനെ കാണുമ്പോള്‍ കൊതിയാവുന്നു. അവനെ എലിമിനേറ്റ്‌ ചെയ്യാം. അവന്‍റെ അടുത്ത ബന്ധുക്കളെം കൂട്ടുകാരേം ഒക്കെ കൂട്ടാന്‍ പറയണം ഒരാഴ്ച കുശാല്‍.
നീളന്‍ പെരും പാമ്പ്‌:> ഹായ്‌ ഹായ്‌ ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു. അടുത്ത വര്ഷം കൂടുതല്‍ മുയലുകളെ ഈ പരിപാടിയില്‍ എടുക്കണം.
.       കുഞ്ഞന്‍ മുയല്‍ വിറച്ചു പോയി, ഈ പരുപാടി തന്നെ ഇവര്‍ക്ക്  തിന്നാനുള്ള കൊച്ചു ജീവികളെ കൊണ്ടുവരാന്‍ ആണ്. ഇതിനൊരറുതി വരുത്തണം. കുഞ്ഞന്റെ എലിമിനേഷന്‍ ഡേ വന്നെത്തി. പതിവ് പോലെ എലിമിനഷന്‍ കഴിഞ്ഞു തന്നെയും തിന്നുമെന്നു കുഞ്ഞന്‍ മുയലിനു മനസ്സിലായി. കുഞ്ഞന്‍ മുയല്‍ ക്യാമറാ മാന്‍ വേണു പുള്ളിമാനെ കാര്യം എല്ലാം പറഞ്ഞു മനസ്സിലാക്കി ജഡ്ജസിന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ പുള്ളിമാന്‍ കുഞ്ഞന്‍ മുയലിനെ സഹായിക്കാം എന്നേറ്റു.
                   അവന്‍ ക്യാമറയില്‍ സ്വിച്ച് ഓഫ്‌ ചെയ്താലും പ്രവര്ത്തിക്കത്തക്ക വിധത്തില്‍  ചില സൂത്രപ്പണികള്‍ ഒപ്പിച്ചു..എലിമിനേഷന്‍ കഴിഞ്ഞവര്‍ വിശ്രമിക്കുന്ന മുറിയില്‍ വെറുതെ വച്ചിരിക്കുന്ന ക്യാമറയും ഓണ്‍ ചെയ്ത് പ്രധാന ക്യാമറാ ദ്രിശ്യങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ പാകത്തിലാക്കി, .           എലിമിനഷന്‍ കഴിഞ്ഞു കുഞ്ഞനെ തിന്നാന്‍ വന്നത് ക്യാമറ ഒപ്പി എടുത്ത്‌ ലൈവ് ആയി കാടു മുഴുവന്‍ കാണിച്ചു.കാണികള്‍ ആയി പരിസരത്ത്‌ ഉണ്ടായിരുന്ന മൃഗങ്ങള്‍ ഓടിച്ചെന്നു കുഞ്ഞന്‍ മുയലിനെ രക്ഷിച്ചു.   അതോടെ ജഡ്ജസിന്റെ യഥാര്‍ത്ഥ മുഖം എല്ലാവര്ക്കും മനസ്സിലായി, അവരെ കാട്ടുമൃഗങ്ങള്‍ എല്ലാം കൂടി കൈകാര്യം ചെയ്തു. ജീവന്‍ രക്ഷപെട്ട ആശ്വാസത്തില്‍ കുഞ്ഞന്‍ സന്ദേശമായി പറഞ്ഞു, ഇത്തരം കള്ളപ്പരിപാടികളെ സൂക്ഷിക്കുക.

                                    നിധീഷ്‌ വര്‍മ്മ

Monday 29 April 2013

പൊടിക്കവിതകള്‍ ,എന്‍റെ നെടുവീര്‍പ്പുകള്‍

അനശ്വര പ്രണയം
==============================
താജ് മഹല്‍ പണിയാന്‍ പണമില്ല
പ്രണയം പ്ലാസ്ടിക് കവറിലാക്കി കുഴിച്ചിട്ടു
പതിനായിരം വര്‍ഷത്തേക്ക് അനശ്വര പ്രണയം
**************************************


മനുഷ്യനും പിശാചും
====================
മനുഷ്യനും പിശാചും ചങ്ങാതികളായി 
പിശാചിന്‍റെ നിലവിളി
അയ്യോ എന്നെ വഞ്ചിച്ചേയ്‌.........
**************************

മന:സാക്ഷി
=================
ചതിയ്കും വഞ്ചനയ്കും വന്‍ വിലയുള്ള 
ചന്തയില്‍ പണയം വെയ്കാന്‍ പോലും കൊള്ളാത്ത 
മന:സാക്ഷി ഫൂ ...
******************************

                                        നിധീഷ്‌ വര്‍മ്മ രാജാ യു

Sunday 14 April 2013

പ്രണയത്തിന്‍റെ ഋതു



വസന്തമാണെന്നും  എന്നിലെ മാറാത്ത
ഋതു അത് നിന്നുടെ ഓര്‍മ്മയാല്‍
കാലം മാറുന്നു ഭാവങ്ങള്‍ മാറുന്നു 
ചാക്രികം ഈ ലോകവും മാറുന്നു
വര്‍ഷമാപിനിയ്കാവില്ലളക്കുവാന്‍ 
മഴയെനിക്കെന്ത്‌ ഓര്‍മ്മകള്‍ തന്നെന്ന്
ശരത് നിലാവിന്റെ നനുത്ത വെളിച്ചമായ്
നിന്റെയോര്‍മ്മകള്‍ എന്നില്‍ നിറയുന്നു
ഗ്രീഷ്മ കാലത്തിന്‍ ഉഗ്ര താപം പോലും
നിന്‍റെ ഓര്‍മ്മകുടകള്‍ ചൂടീടുന്നു
ശിശിരകാലത്തിന്‍ മഞ്ഞു കണങ്ങളില്‍
കണ്ടതും നിന്‍റെ ചിത്രമല്ലയോ
കൊയ്ത്തുപാട്ടിന്റെ താളത്തിനൊപ്പിച്ച്
ഹേമന്തവും നിന്‍ ഗാനം മൂളുന്നു
കാല ഭേദങ്ങള്‍ ഭാവങ്ങള്‍ മാറ്റിടാം
എങ്കിലും ഭൂമി വേര് മുറിക്കുമോ
എന്നപോല്‍ കാലമേതായാലും
നിന്‍റെ ഓര്‍മ്മയാനെന്റെ ശ്വാസ ഗതി 
ഭൂമി നല്‍കും വരങ്ങളെ ഒക്കെയും
കൃത്രിമം ചെയ്യും മാനവ മാനസം 
നിന്‍റെ ഓര്‍മ്മകള്‍ ഗാനമായ്‌ ചിത്രമായ്‌
മാറ്റുന്നു ഒരു കാമുക മാനസം
NIDHEESH VARMA RAJA U 
www.nidheeshvarma.blogspot.com

Saturday 13 April 2013

വിഷുക്കൈനീട്ടം



പുലര്‍കാല വേളയില്‍ കണ്ണനെ കണികണ്ട്
വിഷു സംക്രമം ഘോഷിച്ചിടുമ്പോള്‍
ചക്കയും മാങ്ങയും നാടിന്റെ വിളകളും
കണിയായ്‌ നിറഞ്ഞിടുമ്പോള്‍
കൊന്നപ്പൂ കിട്ടുവാന്‍ നാട്ടിലെ കുട്ടികള്‍
ഒത്തു ശ്രമിച്ചിടുമ്പോള്‍
വിഷുപക്ഷി പാടുന്ന പാട്ടിന്‍റെ താളം
നാമേറ്റ് പാടിടുമ്പോള്‍
പൊന്നിന്‍ നിറമൊത്ത ഒട്ടുരുളിക്കുള്ളിലായ്‌
കണ്ടതീ നാടിന്റെ നന്മയല്ലേ
കൈനീട്ടം കിട്ടിയ നാണയത്തുട്ടുകള്‍
ഈ നാടിന്‍ സമൃദ്ധിയല്ലേ
പൊന്നിന്‍ പ്രഭവിടര്‍ത്തും നിലവിളക്കും
വര്‍ണ്ണ പ്രഭ പരത്തും പൂത്തിരിയും
വിഷുവെന്ന സ്വപ്നം പരത്തിടുമ്പോള്‍
             
   എല്ലാ മലയാളികള്‍ക്കും എന്‍റെ വിഷു ആശംസകള്‍
                  നിധീഷ്‌ വര്‍മ്മ രാജ യു

Tuesday 26 February 2013

സൃഷ്ടിയും ദൈവവും പരിണാമവും


       ദൈവ വിശ്വാസം സ്രഷ്ടിയുമായി ബന്ധപ്പെടുത്തെണ്ട കാര്യമുണ്ടോ?. ലോകം സ്വയം ഉരുവം കൊണ്ടതെന്കില്‍ ദൈവത്തിനു എന്ത് പ്രാധാന്യമാണ് ഉള്ളത്. പ്രാര്‍ത്ഥനകൊണ്ട് എന്ത് ഫലമാണ് ഉള്ളത്? നമുക്ക്‌ ഇത്തരം വിഷയങ്ങള്‍ ഒന്ന് ചിന്തിക്കാം.
   ദൈവം സൃഷ്ടിച്ചതാണോ ഈ ഭൂമിയും പ്രപഞ്ചവും?
                               മനുഷ്യനെ  ഇന്നും കുഴക്കികൊണ്ടിരിക്കുന്ന * അടിസ്ഥാന പരമായ ചോദ്യം ആണിത്.   ദൈവം സൃഷ്ടിച്ചതാണെന്ന് ദൈവ വാദികളും, ദശ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പരിണാമം സംഭവിച്ചുണ്ടായതെന്നു ശാസ്ത്രവും പറയുന്നു. ഒരു ക്ലോക്ക് കണ്ടാല്‍ അതിനൊരു സൃഷ്ടാവ് ഉണ്ടെന്നു മനസിലാക്കുന്നത് പോലെ ഈ ഭൂമിയില്‍ ജീവനുണ്ടെങ്കില്‍ അതിനൊരു സൃഷ്ടാവ്‌ ഉണ്ടാവുമല്ലോ എന്നത്‌ ആണ് സൃഷ്ടി വാദത്തിന്റെ അടിസ്ഥാനം.   സ്രിസ്ഷ്ടിവാദം മാത്രമല്ല ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം.ഹൈന്ദവ സങ്കല്പ്പ പ്രകാരം സൃഷ്ടി യുടെ ദൈവമായ ബ്രഹ്മാവിനേക്കാള്‍ പ്രാധാന്യം  സ്ഥിതിയുടെയും സംഹാരത്തിന്റെയും മൂര്ത്തിക്ള്‍ ആയ വിഷ്ണുവിനും ശിവനും ലഭിച്ചിരിക്കുന്നു.       മനുഷ്യനില്‍ ദൈവ സങ്കല്പം രൂപം കൊണ്ടതിനു ശേഷമാകണം സൃഷ്ടി സങ്കല്പം ഉണ്ടായിരിക്കുക. മനുഷ്യന്റെ ബൌധീക വളര്‍ച്ചയുടെ ഭാഗം തന്നെയായിരുന്നു ദൈവീക സങ്കല്പത്തിന്റെ വളര്‍ച്ചയും ശരി തെറ്റുകളുടെ പാപ പുണ്ണ്യ ബോധവും.      
           ബുദ്ധിപരമായി ഡിസൈന്‍ ചെയ്തതാണ് ലോകം എങ്കില്‍ പോലും പരിണാമത്തിനു അതിന്റേതായ സാംഗത്യമുണ്ട്.  മനുഷ്യന്‍ കണ്ടുപിടിച്ച്ചതൊന്നും എന്നും ഒരേ രൂപത്തില്‍ ആയിരുന്നില്ലല്ലോ?അവ മെച്ചപ്പെടുത്തി മെച്ചപ്പെടുത്തി ഇന്ന് കാണുന്ന രൂപത്തില്‍ എത്തി ചേര്‍ന്നതല്ലേ?കാറിന്‍റെ ആദ്യ രൂപവും ഇന്നത്തെ രൂപവും ഒന്ന് ചിന്തിച്ചാല്‍ അത് മനസ്സിലാവും. ദൈവത്തിന്റെ ഒരു മെച്ചപ്പെടുത്തല്‍ ആയി നമുക്ക്‌ പരിണാമത്തെ കാണാവുന്നതാണ്.പരിണാമം എന്നാല്‍ ഒരു ജീവി ഒരു സുപ്രഭാതത്തില്‍ മറ്റൊരു ജീവി ആകുന്ന പ്രക്രിയ അല്ല. മറിച്ച് ഒരു പൊതു പൂര്‍വികനില്‍ നിന്ന് ഒരേ വിഭാഗത്തില്‍ പെട്ട വ്യത്യസ്ഥ ജീവികള്‍ പരിണമിച്ച് ഉണ്ടാകുന്ന ദീര്‍ഖ കാല പ്രക്രിയ ആണ്. മനുഷ്യനും ചിമ്ബാന്സിയ്യും എല്ലാം ഒരു പൊതു പൂര്‍വികനില്‍ നിന്ന് ഉണ്ടായതെന്ന് സാരം. ഒരു മരത്തിന്റെ ശിഖരങ്ങള്‍ വേറെ എങ്കിലും തായ്‌ തടി ഒന്നല്ലേ അതുപോലെ. നമുക്ക്‌ മനസ്സിലാകാന്‍ കാറിന്‍റെ ഉത്ഭവം നോക്കിയാല്‍ മനുഷ്യന്‍ ആദ്യം ചക്രം കണ്ടെത്തി ->ചക്രത്തില്‍ പ്ലാറ്റ് ഫോം ഖടിപ്പിച് മനുഷ്യന്‍ വലിക്കാന്‍ തുടങ്ങി -> വണ്ടി വലിക്കാന്‍ മൃഗങ്ങളെ ഉപയോഗിച്ചു തുടങ്ങി ->മൃഗങ്ങള്‍ക്ക് പകരം ആവി യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങി -> ആവി യന്ത്രത്തിന് പകരം ഡീസല്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കന്‍ തുടങ്ങി ->വിവിധ തരം വാഹനങ്ങള്‍ ഉണ്ടായി. ഇവിടെനിന്നും കാറും കാളവണ്ടിയും ഒരേ ആശയത്തില്‍ നിന്നുണ്ടായതാണെന്ന് മനസ്സിലാക്കാം എന്നാല്‍ കാളവണ്ടി പരിണമിച്ചാണ് കാര്‍ ഉണ്ടായതെന്ന് പറയുന്നില്ല പകരം കാറിനും മറ്റു മോട്ടോര്‍ വാഹനഗള്‍ക്കും ഒരു പൊതു പൂര്‍വികന്‍ ഉണ്ട് എന്നേ പറയുന്നുള്ളൂ.
                             ദൈവം ദിവസങ്ങള്‍ കൊണ്ട് സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ ദൈവത്തിന്റെ ഒരുദിനം എന്നത് മനുഷ്യന്റെ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എന്നും കളിമണ്ണ്‍ എന്നാല്‍ അജൈവ വസ്തു, പഞ്ചഭൂതങ്ങള്‍ എന്നാല്‍ വിവിധങ്ങളായ തന്മാത്രകള്‍ എന്നും കണക്കാക്കിയാല്‍ വേണമെങ്കില്‍ശാസ്ത്രവും വിശ്വാസവും ഒത്ത് ചേര്ക്കാവുന്നതാണ്.
                        ഹൈന്ദവ സ്ന്കല്പ പ്രകാരം ഒന്നില്‍ നിന്ന് പലതായി "അതിന്റെ" സങ്കല്പ്പ പ്രകാരം ഉണ്ടായി എന്ന് പറയുന്നു. ഓരോ വസ്തുവും സ്വയം പുനരുല്പാദിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്യുന്ന രൂപത്തില്‍ ആണ് ഉരുവം കൊണ്ടിരിക്കുന്നത്.വെറുതെ പറക്കുന്ന അപ്പൂപ്പന്‍ താടിപോലും പലതാകുക എന്ന സങ്കല്‍പ്പത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു.എല്ലാ ജീവ ജാലങ്ങളിലും ഉള്‍ക്കൊള്ളുന്നത് ആ പരമ ചൈതന്യത്തെയാണ്. ഈശാവാസ്യമിഥം സര്‍വ്വം എന്നതില്‍ നിന്ന് ഈ ലോകത്തില്‍ എല്ലാ ജീവ ജാലങ്ങളിലും ആ ചൈതന്യം കുടികൊള്ളുന്നതായി കാണാം. ഈ പ്രപഞ്ചത്തില്‍ നിറഞ്ഞുവിളങ്ങുന്ന ഒരു ചൈതന്യത്തെ പരബ്രഹ്മം എന്ന് വിളിക്കുന്നു. അത് നിര്‍ഗ്ഗുണവും നിരാകാരവും ആകുന്നു.  നിര്‍ഗ്ഗുണവും നിരാകാരവും ആയ പരബ്രഹ്മത്ത്തിനെ ആരാധിക്കുവാന്‍ മനസ്സ് ആശക്തമായതിനാല്‍ സഗുണ ആരാധന ഉണ്ടായി. അതിന്ക്കുരിച്ച്ചു വിശദമായി ഇവിടെ വായിക്കാം http://nidheeshvarma.blogspot.in/2012/12/blog-post.html#.USzXRx0wq1s
  ദൈവ സങ്കല്പം എന്നത് തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാവിന്റെതിനും തനിക്ക് വേണ്ടുന്നതെല്ലാം നേടി നല്‍കുന്ന നല്ല പിതാവിനോടും ഒപ്പമാണ്. തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കുന്ന  അധികാരിയായും, അത്ഭുതങ്ങള്‍ സാധ്യമാക്കുന്ന അമാനുഷ്യന്‍ ആയി, തന്‍റെ പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ സാധിക്കുന്ന സുഹൃത്തായി നേര്‍വഴിക്ക് നടത്തുന്ന സഹോദരനായി, ഇഷ്ടങ്ങള്‍ സാധിച്ച് തരുന്ന സുഹൃത്തായി എല്ലാം നമുക്ക്‌ ദൈവത്തെ കണക്കാക്കാം.  അത്തരം സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും അതിനു തക്ക ഫലത്തെ നല്‍കുന്നു.  ദൈവ വിശ്വാസത്തിന്‍റെ ആവശ്യകത ഇവിടെ വായിക്കാവുന്നതാണ് http://nidheeshvarma.blogspot.in/2013/01/blog-post.html

Sunday 20 January 2013

ഇനിഅല്‍പ്പം തീറ്റക്കാര്യം



                         
                           











  സ്വാദ്‌ എന്നത്‌ ശീലവുമായും ജീവിത ശൈലിയുമായും ബന്ധപ്പെട്ടിരിക്കുന്നു.ഓരോ സമൂഹത്തിന്റെയും ശീലങ്ങള്‍ സ്വാദിനെ നിര്‍ണ്ണയിക്കുന്നു . കേരളത്തില്‍ ഉള്ളവര്‍ കുത്തരിയും വെളുത്ത പുഴുക്കലരിയും ഇഷ്ടപ്പെടുമ്പോള്‍ തമിള്‍ നാട്ടിലുള്ളവര്‍ പച്ചരി ചോര്‍ ഇഷ്ടപ്പെടുന്നു.പഞ്ചാബികള്‍ അരിയേക്കാള്‍ ഏറെ ഗോതമ്പ്  ഇഷ്ടപ്പെടുന്നു.  മലയാളികള്‍ പുട്ടും, അപ്പവും ദോശയും എല്ലാം ഇഷ്ടപ്പെടുമ്പോള്‍ പഞ്ചാബികള്‍ ചപ്പാത്തിയും ഫുല്‍ക്കായും റൊട്ടിയും ഒക്കെ ഇഷ്ടപ്പെടുന്നു. അവര്‍ കഴിക്കുന്നത്രയും പാലും പാലുല്‍പ്പന്നങ്ങളും നമുക്ക് ചിന്തിക്കാനേ ആവില്ല. വല്ലപ്പോഴും ഒരു രസത്തിനു മറ്റു സംസ്കാരങ്ങളുടെ ഭക്ഷണം കഴിക്കാമെങ്കിലും അധികമായാല്‍ വയറിനു പ്രശ്നമാകുന്നത് ശ്രധ്ധിച്ച്ചിട്ടില്ലേ? . എല്ലാവരും ഇഷ്ടപ്പെടുന്ന അന്താരാഷ്ട്ര വിഭവങ്ങള്‍ പൊതുവേ അജിനോ മോട്ടോ അമിത കൊഴുപ്പ്‌ തുടങ്ങി കൃത്രിമമായി സ്വാദ്‌ മുകുളങ്ങളെ ഉദ്ദീപിപ്പിക്കുന പദാര്‍ഥങ്ങള്‍  ധാരാളമായി കാണാം. ഇത് ധാരാളം കഴിച്ചാല്‍ സലീംകുമാര്‍ പറഞ്ഞത് പോലെ ഗുദാ ഹുവ ആകും.
                    ഞാന്‍ എന്തുകൊണ്ട് നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നില്ല പൊതുവേ എന്നോട് ചോദിക്കപ്പെടുന്ന ചോദ്യം ആണ് ഇത്. ചിലര്‍ അല്പം പരിഹാസമായും സഹതാപത്തോടെയും ചോദിക്കുന്ന ചോദ്യം. നരകത്തെ പേടിച്ചാണോ എന്ന് ചിലര്‍, ഇതില്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന് വേറെ ചിലര്‍. കൂടുതല്‍ കാലം ജീവിക്കാനുള്ള കൊതി കൊണ്ടാണോ ? ഇതൊന്നും കഴിക്കാതെ എന്തിനാ കൂടുതല്‍ ജീവിച്ചിട്ട്?. വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായാണോ ? എന്തെല്ലാം ചോദ്യങ്ങള്‍ . ഇനി ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കാം.
                                                                          കുട്ടിക്കാലത്ത്‌ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി തന്നെയായിരുന്നു നോണ്‍ വെജിറ്റേറിയന്‍ ഉപേക്ഷിച്ച്ചിരുന്നത്. മുതിര്‍ന്ന ശേഷവും അത് തുടരുന്നത് വിശ്വാസവും പാരമ്പര്യവും മാത്രം കൊണ്ടല്ല അതിനു എനിക്ക് എന്റേതായ കാരണങ്ങള്‍ ഉണ്ട്.  
               നോണ്‍ വെജ് ഭക്ഷണങ്ങള്‍ കുട്ടിക്കാലം മുതല്‍ കഴിച്ച് ശീലിക്കാത്തവര്‍ക്ക് അത് കഴിക്കുവാന്‍ പ്രയാസമാണ്. കഴിച്ചാലും ദഹിക്കുവാനും പ്രയാസമായിരിക്കും. കൊച്ചുകുട്ടികള്‍ക്ക് അല്പ്പാല്‍പ്പമായ്‌ കൊടുത്താണ് നോണ്‍ വെജ് ശീലിപ്പിക്കുന്നത്. ഒരു നിശ്ചിത പ്രായത്തിനകം നമ്മുടെ രുചി ശീലങ്ങള്‍ ചിട്ടപ്പെടും.അതിനു ശേഷം വരുന്ന അന്ന്യ രുചികള്‍ ഉദരം തിരസ്കരിക്കും. സ്വാദ്‌ മാത്രം നോക്കി കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മുടെ വയറ്റിനു പിടിക്കില്ല എന്ന് കേട്ടിട്ടില്ലേ? 
               ഇറച്ചിയും മീനും കഴിക്കാനാവാത്തതു വലിയ നഷ്ടം എന്ന് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ എല്ലാ നോണ്‍വെജ്  ഐറ്റവും കഴിക്കുമോ? പട്ടി മാസം? പാമ്പിന്‍ ഇറച്ചി ? തേള്‍, പഴുതാര, പാറ്റ പല്ലി തുടങ്ങിയവ. ഇവയെല്ലാം വിവിധ സ്ഥലങ്ങളില്‍  ആളുകള്‍ സ്വാദിഷ്ടമായി കഴിക്കുന്നില്ലേ . ഇതൊക്കെ കഴിക്കാഞ്ഞിട്ടു നിങ്ങള്‍ക്കാര്‍ക്കെങ്കിലും നഷ്ടബോധമുണ്ടോ എന്ന് ചോദിക്കുന്ന പോലെയേ ഉള്ളൂ ഇതും. സാധാരണ നോണ്‍ വെജ് വിഭവങ്ങള്‍ കാണുമ്പോള്‍ vegitarians-നു ണ്ടാകുന്ന വികാരങ്ങള്‍ ഇതൊക്കെ കാണുമ്പോള്‍ ഇവ എല്ലാം കാണുമ്പൊള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനു ഏകദേശം സമം എന്ന് പറയാം.അതുകൊണ്ട് തന്നെ നോണ്‍ വെജ് കഴിക്കാത്തത്തില്‍ vegitarians-നു യാതൊരു  നഷ്ടബോധവും ഇല്ല.
                                Vegitarian ഭക്ഷണത്തിന്‍റെ അധ്യാത്മീക വശം അതിന്റെ അഹിംസയും ത്യാഗവും ആണ്. മാംസങ്ങളില്‍ ഏറ്റവും രുചികരം മനുഷ്യമാംസമാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അത് പരീക്ഷിച്ച് നോക്കാന്‍ ആരെങ്കിലും തയ്യാറാകുമോ ?. മനുഷ്യനെ പോലെ തന്നെ സഹജീവികളെയും കാണണം എന്ന അധ്യത്മീക ചിന്തയാണ് വെജിറ്റേറിയനിസത്തിനു പിന്നില്‍. സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം(വേദന സംവേദിപ്പിക്കുന്നതിനു ജീവികളില്‍ ഉള്ളത്) ഇല്ലാത്ത സസ്യങ്ങളും അവയുടെ ഫല മൂലാദികളും ഭക്ഷിക്കുന്നത് മൂലം അവയ്ക്ക് വേദന ഉണ്ടാകുന്നില്ല.  പണ്ട് ക്രിത്രിമങ്ങളില്ലാതെ വളര്‍ത്തിയിരുന്ന പശുവിന്റെ പാല്‍ വെജ് ആയി കണക്കാക്കാമായിരുന്നു.  (പശു അതിന്‍റെ കുട്ടിക്ക്‌ ആവശ്യമായത്തില്‍ കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതായി പശുവിനെ വളര്ത്തിയിട്ടുള്ളവര്‍ക്ക്‌ അറിയാം)
     നമ്മുടെ ഭക്ഷണ രീതി മുന്‍പ്‌ നോണ്‍ വെജ് കുറവായി മാത്രം ഉപയോഗിക്കുന്നതായിരുന്നു.  സമൂഹത്തില്‍ മൊത്തത്തില്‍ ഉണ്ടായ സാമ്പത്തീക പുരോഗതിയുടെ ഭാഗമായി ജനങ്ങള്‍ കൂടുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കാന്‍ തുടങ്ങിയതിന്‍റെ ഫലമായി വിവിധ തരം അസുഖങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നില്ലേ? . മനുഷ്യ ശരീരം വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ പാകത്തിന് രൂപപ്പെട്ടിരിക്കുന്നെങ്കിലും വരള്‍ച്ചയും കഠിനമായ കാലാവസ്ഥയും മൂലം നോണ്‍ വേജ്‌ കഴിക്കുവാന്‍ തുടങ്ങി.  ഭക്ഷണത്തിലുള്ള ദൌര്‍ലഭ്യം അതിലൂടെ മറികടക്കാന്‍ മനുഷ്യന് സാധിച്ചു.  ശരീരത്തില്‍ ശേഖരിച്ചു വയ്ക്കപ്പെടുന്ന കൊഴുപ്പ്  അക്കാലത്ത്‌  ഭക്ഷണ ദൌര്‍ലഭ്യം ഉണ്ടാകുമ്പോള്‍ പ്രയോജനകരമായിരുന്നു, ഇന്ന് ഹൃദയ അസുഖങ്ങള്‍ക്ക് കാരണം ആവുന്നു.






                   ബയോ മഗ്നിഫിക്കെഷന്‍ ആണ് മത്സ്യ മാംസാദികള്‍ ഉപയോഗിക്കുന്നതില്‍ ഉള്ള മറ്റൊരു പ്രശ്നം.(ഗ്രാഫ് ശ്രദ്ദിക്കൂ) ജീവികള്‍ക്ക് നല്‍കുന്ന ആന്റി ബയോട്ടിക്കുകളും  ഹോര്‍മോണുകളും മനുഷ്യ ശരീരത്തില്‍ എത്തുന്നു. കുട്ടികളില്‍ അമിത വളര്‍ച്ച ,അമിത വണ്ണം, അകാല വാര്‍ദ്ധക്ക്യം എന്നിവയ്ക് കാരണമാകുന്നു . പഴം പച്ചക്കറി എന്നിവയില്‍ ഉള്ള കീടനാശിനി കഴുകല്‍ ,വേവിക്കല്‍ നമ്മുടെ ശരീരത്തില്‍ നടക്കുന്ന പ്രക്രിയകള്‍ എന്നിവ മൂലം കുറെയൊക്കെ ഒഴിവാകുന്നു. എന്നാല്‍ മാംസ ഭക്ഷണത്തില്‍ ജീവികള്‍ ഭക്ഷണമാക്കിയ കീട നാശിനികളും മരുന്നുകളും മനുഷ്യ ശരീരത്തിനു നേരിട്ട് ഉപയോഗിക്കത്തക്കവിധം സംഭരിക്കപ്പെട്ടിരിക്കുന്നു.അത് കൊണ്ട് തന്നെ ജീവികളില്‍ ഉണ്ടാകുന്ന കീട നാശിനികളുടെയും ആന്റി ബയിട്ടിക്കുകളുടെയും അവശിഷ്ടങ്ങള്‍ കൂടുതല്‍ മാരകമാകുന്നത്. 
                 ഇനി നോണ്‍ വെജ് ഭക്ഷണത്തിന്‍റെ സാമ്പത്തികവശങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ നോണ്‍ വെജ് ഭക്ഷണം ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്.മനുഷ്യന് നേരിട്ട് ഭക്ഷിക്കാനുള്ള ധാന്ന്യവും പച്ചക്കറികളും മറ്റും വ്യാവസായികമായി വളര്‍ത്തുന്ന   ജീവികള്‍ക്ക്‌ നല്‍കുമ്പോള്‍ സംഭവിക്കുന്ന ഊര്‍ജ്ജ നഷ്ടം വളരെ വലുതാണ്‌.  ഇന്ത്യയില്‍ പൌള്‍ട്രി ഉത്പാദനത്തിന് ഉപയോഗിക്കുന്ന ധാന്ന്യങ്ങ്ല്‍ മതിയാകും ഇന്ത്യയിലെ  മുഴുവന്‍ ജനങ്ങളുടെയും പട്ടിണി മാറ്റാന്‍.
                                നോണ്‍ വെജ്‍ ഭക്ഷണം മസാല എണ്ണ ഇവ ഉപയോഗിച്ച് നാക്കിനെ കബളിപ്പിക്കലാണ്. നോണ്‍ വെജ് പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ പടിപടിയായി കുറച്ചു കൊണ്ട് വരിക.  പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങി ജീവിക്കാം.
(കടപ്പാട്: ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്ന്)
               

Saturday 12 January 2013

നിരീശ്വര വാദം വിശ്വാസിയുടെ കാഴ്ചപ്പാടില്‍


                           ദൈവം ഇല്ലെന്നു വിശ്വസിക്കുകയും അതുണ്ടെന്നു പറയുന്നവരെ കളിയാക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ നമുക്ക് കാണാം.അവര്‍ പറയുന്നത് ദൈവം എന്നത് കേവലം സങ്കല്പ്പമാണെന്നും, ഈശ്വരന്‍ സര്‍വ്വ ശക്തനെങ്കില്‍ ഈ ഭൂമിയില്‍ യാതൊരു വിധമായ ദുരിതങ്ങള്‍ ഉണ്ടാകുകയില്ലായിരുന്നെന്നും ആണ്. ലാബോറട്ടറിയില്‍ ജീവന്‍ നിര്‍മ്മിക്കുന്നതില്‍ മനുഷ്യന്‍ ഏകദേശം വിജയിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്ത് എന്ത് അര്‍ത്ഥമാണുള്ളത്? ദൈവം എന്നത് ദുര്‍ബല മനസ്സിന്‍റെ കേവല സൃഷ്ടി മാത്രമല്ലേ?.ദൈവത്തിനു എന്ത് ശാസ്ത്രീയ അടിത്തറയാണ് ഉള്ളത്.   അതുകൊണ്ട്  ദൈവവും ദൈവസങ്കല്‍പ്പവും നിഷേധിക്കപ്പെടെണ്ടതും ഇല്ലാതാക്കപ്പെടെണ്ടാതുമായ സംഗതിയാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. നമുക്ക്‌ ഈ വസ്തുതകള്‍ ഒന്ന് പരിശോധിക്കാം.    

ദൈവം കേവലം ഒരു സങ്കല്പം അല്ലേ?
                                   സങ്കല്‍പ്പങ്ങളില്‍ അല്ലേ മനുഷ്യ ജീവിതം വേരൂന്നിയിരിക്കുന്നത്. മനുഷ്യന്‍റെ വ്യക്തിത്ത്വം പോലും ഒരു സങ്കല്പ്പമല്ലേ? നമ്മുടെ പേര് സത്യമാണോ. മനുഷ്യന്‍ ജനിക്കുമ്പോഴുണ്ടാകുന്ന രാസ ഭൌതീക മാറ്റങ്ങളുടെ ഫലമാണോ താങ്കള്‍ക്ക് ലഭിച്ച പേര്. അത് സാമൂഹ്യ സൌകര്യാര്‍ഥം കല്‍പ്പിച്ചു നല്കപ്പെട്ടതല്ലേ? നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ യഥാര്ത്യമാണോ അതും സങ്കല്പ്പങ്ങളിലും സാമൂഹ്യക്രമങ്ങളിലും അധിഷ്ടിതമല്ലേ. പണം ഒരു യഥാര്ത്യമാണോ? അതിനു മൂല്ല്യം ആരോപിക്കപ്പെടുന്ന കടലാസ് കഷ്ണങ്ങള്‍ അല്ലെ ഉപയോഗിക്കുന്നത്.
                          ഇനി കുടുംബം എന്നതും കേവലം സങ്കല്പ്പമല്ലേ? കുടുംബമില്ലാതെ നമ്മുടെ സമൂഹത്ത്തിനുനിലനില്‍ക്കാന്‍ കഴിയില്ലേ? മക്കള്‍ക്ക്‌ വേണ്ടി ഇത്രയധികം കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ? അവര്‍ ജൈവീക ആവശ്യങ്ങളുടെ ഉപോല്‍പ്പന്നമല്ലേ? വിവാഹം,  ചാരിത്ര്യം എന്തിനു നാം വിശ്വസിക്കുന്ന രാഷ്ട്രവും രാഷ്ട്രീയവും പോലും സങ്കല്പങ്ങള്‍ അല്ലേ? ഞാന്‍ ഇതെല്ലാം ചോദിച്ചത് ഇവയൊന്നും നിഷേധിക്കാനല്ല മറിച്ച് സങ്കല്പ്പങ്ങലെല്ലാം നിഷേധിക്കപ്പെടുന്നെങ്കില്‍ ഇവയും നിഷേധിക്കപ്പെടെണ്ടതാണ് എന്നേയുള്ളൂ.  (ഇത്തരം സങ്കല്‍പ്പങ്ങള്‍  ആണ് "മായ"  എന്ന് ഹിന്ദു പുരാണങ്ങളില്‍ വിവക്ഷിച്ചിരിക്കുന്നത്.)
ദൈവത്തിനു എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനം ഉണ്ടോ?
                 പ്രപഞ്ചം മുഴുവന്‍ ഭൌതീകമായതും രാസപരവുമായ മാറ്റങ്ങളില്‍ അടിസ്ഥാനമെങ്കില്‍ ഈ മാറ്റങ്ങളുടെ എല്ലാം തുടക്കം എവിടെ? അതിനടിസ്ഥാനമായ ആദ്യ ത്വരകം എവിടെ? രാസപ്രവര്‍ത്തനത്തിനു സാധ്യതയുള്ള വസ്തുക്കള്‍ തമ്മില്‍ ചേര്‍ക്കാതെ രാസ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമോ? ഈ രാസ ത്വരകത്തെ ദൈവം എന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം.
                   പ്രപഞ്ചം ചലിക്കുന്നു എങ്കില്‍ അതിനടിസ്ഥാനമായ ചലിക്കാത്ത ആധാരം എവിടെ? (ന്യൂട്ടന്റെ ചലന നിയമപ്രകാരം ചലിക്കുന്ന എല്ലാ വസ്തുവിനും ചലിക്കാത്ത ഒരാധാരം വേണം)  ചലിക്കാന്‍ സ്ഥലമില്ലാത്ത വിധം പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന പരബ്രഹ്മം ഉണ്ടെന്നു പറയുന്നതില്‍ എന്താണ് തെറ്റ്?.
ദൈവത്തെ ആരാധിക്കുന്നത് കേവലം ഭയം മൂലമല്ലേ?
                                   ദൈവത്തെ ആരാധിക്കുന്നത് ഒരിക്കലും ദൈവത്തിനു വേണ്ടിയല്ല മറിച്ച് നമുക്ക് വേണ്ടിയാണ്. മനുഷ്യന്റെ ഭൌതീകമായ ദുഖങ്ങളുടെ ഭാണ്ഡങ്ങള്‍ ദൈവം എന്ന അത്താണിയില്‍ ഇറക്കി വെയ്കാനാവുന്നത് ഒരാശ്വാസമല്ലേ? അടുത്ത്‌ നടന്ന ഒരു ഗവേഷണം പറയുന്നത് ദൈവ വിശ്വാസികളായ ആളുകള്‍ക്ക് അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ കാട്ടുമ്പോള്‍ വേദനകള്‍ക്ക് ആശ്വാസം ലഭിക്കുന്നു എന്നാണ്. അവിശ്വാസിയായ ഒരാള്‍ക്ക്‌ അത്ടരം ആശ്വാസം ലഭിക്കണമെങ്കില്‍ ഹിപ്നോട്ടിസവും മറ്റും വേണ്ടി വരുമെന്നാണ്. അത്തരം ആസ്വാസങ്ങള്‍ പാവങ്ങള്‍ക്ക്‌ നിഷേധിക്കപ്പെടെണ്ടതുണ്ടോ? മാര്‍ഗ്ഗമൊന്നും കാണാത്തവര്‍ക്ക് ഈശ്വരനല്ലേ രക്ഷയുള്ളൂ ?
                  രോഗ ശമനത്തിലും പ്രശ്നങ്ങളെ നേരിടുന്നതിനും മനസ്സിനുള്ള പങ്ക് ആധുനീക ശാസ്ത്രവും അംഗീകരിച്ച്തല്ലേ? അതിനുള്ള ഉപധിയായെന്കിലും ആരാധനകളെക്കാണാന്‍ യുക്തിവാദികള്‍ക്ക് കഴിയില്ലേ?
ദൈവത്തിന്‍റെ പേരില്‍ ചൂഷണങ്ങള്‍ നടക്കുന്നില്ലേ?
                               ഉണ്ടായിരിക്കാം പക്ഷെ അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലോ? നാം വിനോദ സഞ്ചാരത്തിനും മറ്റുമായി പണം ചെലവാക്കിയാല്‍, ഒരു സംഗീത നിശക്കായി പണം ചിലവക്കുംപോഴും നമുക്ക് ലഭിക്കുന്നത് സന്തോഷം മാത്രമല്ലേ . അതിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്തമല്ലേ?  പിന്നെ ചൂഷണങ്ങള്‍ എവിടെയാണ് ഇല്ലാത്തത്. 
ഈശ്വരന്‍ സര്‍വ്വ ശക്തനെങ്കില്‍ ഈ ഭൂമിയില്‍ യാതൊരു വിധമായ ദുരിതങ്ങള്‍ ഉണ്ടാകുമായിരുന്നോ?
                       ജീവിതം എന്നത്       പരമാത്മാവിന്റെ ഭാഗമായ ജീവാത്മാവിന്റെ ലീല(game(കളി)   ഗെയിം കൂടുതല്‍ ആവേശകരമാകുന്നത് കഠിനത കൂടുംപോഴല്ലേ ജീവിക്കാനുള്ള ആവേശം ലഭിക്കു.  എല്ലാം സുഖകരമായിരുന്നാല്‍ ജീവിതം മടുക്കില്ലേ?  
                            പിന്നെ എല്ലാത്തിനും ഉത്തരം മതം എന്നു പറയുന്നതിനോട് വല്ല്യ യോജിപ്പില്ല. മതം ആധ്യത്മീകതയിലും ദൈവീകതയിലും ശ്രദ്ദ കേന്ദ്രീകരിക്കണം. കണ്ണും പൂട്ടിയുള്ള യുക്തി വാദവും നന്നല്ല. മതവും മത നിഷേധവും സമൂഹത്തിന്റെ സന്തുലത്തിനാവശ്യമാണ്.

ഈ ആശയം ഉള്‍ക്കൊള്ളുന്ന കഥ " ശാസ്ത്രാന്വോഷണം"